മംഗളൂരു: കല്യാണം കഴിക്കാനുള്ള പെണ്ണുകാണൽ ചടങ്ങിനുശേഷം യുവതിക്ക് മൊബൈൽ വഴി അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ.

മംഗളൂരു അലാകെയിലെ ശ്രീനിവാസ് ഭട്ടിനെ(35)യാണ് യുവതിയുടെ പരാതിയെത്തുടർന്ന് മംഗളൂരു പോലീസ് അറസ്റ്റ്‌ ചെയ്തത്. ആഴ്ചകൾക്കുമുമ്പാണ് ശ്രീനിവാസ് ഭട്ടും യുവതിയും തമ്മിലുള്ള പെണ്ണുകാണൽ ചടങ്ങ് നടന്നത്. പരസ്പരം ഇഷ്ടപ്പെട്ടതോടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു.

വിവാഹനിശ്ചയത്തിനുള്ള ദിവസവും ബന്ധുക്കൾ തീരുമാനിച്ചു. ഇതോടെ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങിയ ശ്രീനിവാസ് ഭട്ട് യുവതിക്ക് വാട്‌സാപ്പ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. അശ്ലീലസന്ദേശങ്ങൾ അയച്ചതോടെ യുവതി വീട്ടുകാരോട് സംഭവം പറയുകയും വിവാഹനിശ്ചയം നീട്ടിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബന്ധുക്കൾ പരസ്പരം സംസാരിച്ച് നിശ്ചയം നീട്ടിവെച്ചു.

അതിനുശേഷവും അശ്ലീലസന്ദേശങ്ങൾ അയക്കുന്നത് തുടർന്നതോടെ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ നൽകിയ പരാതി കിട്ടിയ ഉടനെ പോലീസ് ശ്രീനിവാസ് ഭട്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: man arrested for sending explicit messages to women