ബെംഗളൂരു : ചെറുപ്പംമുതലേ വിമാനങ്ങളോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ടുനടക്കുന്ന ആദിത്യൻ ഇപ്പോൾ സ്വന്തമായി ചെറുവിമാനങ്ങളും ഡ്രോണുകളും ഉണ്ടാക്കുകയാണ്. അച്ഛൻ അശോക് കുമാർ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നതിനാൽ വിമാനങ്ങളോടുള്ള ഇഷ്ടം കൂടി.

ഇപ്പോൾ ബെംഗളൂരുവിലെ ബി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർഥിയായ ആദിത്യൻ കഴിഞ്ഞ ഒന്നരവർഷമായി പ്രോജക്ടിന്റെ ഭാഗമായും അല്ലാതെയും ഡ്രോണുകളും വിമാനങ്ങളും ഉണ്ടാക്കുന്നുണ്ട്.

വിമാനത്താവളങ്ങളിൽ ഉപകരിക്കുന്ന പ്രത്യേക ഡ്രോണുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ ആദിത്യൻ. വിമാനങ്ങൾ പുറപ്പെടുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും പക്ഷികൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതാണ് ഈ ഡ്രോണുകൾ.

150 കിലോമീറ്റർവരെ വേഗത്തിൽ പോകാൻസാധിക്കുന്ന റേസിങ് ഡ്രോണുകളും ആദിത്യന്റെ പണിപ്പുരയിലുണ്ട്. അച്ഛന്റെ പിന്തുണ കൂടിയുള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി പോകുന്നു.

ലോക്ഡൗൺ കാലത്ത് ഡ്രോണുകൾ ഉണ്ടാക്കാൻ കൂടുതലായി കഴിഞ്ഞു. ഡ്രോണുകൾ നിർമിക്കാനാവശ്യമായ വസ്തുക്കൾ ബെംഗളൂരുവിലെ കടകളിൽനിന്നും ഓൺലൈനായുമാണ് വാങ്ങുന്നത്. ചിലസാധനങ്ങൾ മറ്റുരാജ്യങ്ങളിൽനിന്ന് വരുത്തി. അടുത്തിടെ ബെംഗളൂരുവിലെ കേന്ദ്രീയവിദ്യാലയത്തിൽ ഡ്രോണുകൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതു സംബന്ധിച്ച് ശില്പശാല നടത്തിയിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പും ചെയ്യുന്നുണ്ട്.

വ്യോമസേനാ പൈലറ്റാവുകയാണ് ആദിത്യന്റെ ലക്ഷ്യം. കാസർകോട് പെരിയയാണ് സ്വദേശം. ദീർഘകാലമായി ജാലഹള്ളി വിദ്യാരണ്യപുരയിലാണ് താമസം. വിനീതയാണ് അമ്മ. ആനന്ദ് ഇരട്ടസഹോദരനാണ്. അശ്വതിയാണ് സഹോദരി.

Content Highlight: Malayali student built aircraft