നീലേശ്വരം: സതീഷ് ചന്ദ്രൻ പാർലമെന്റിലേക്ക് മത്സരിക്കുന്നു എന്നറിഞ്ഞ് പഴയ സഹപാഠികൾ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നു. സ്ഥാനാർഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക അവർ നൽകി. പടന്നക്കാട് നെഹ്രു കോളേജിലാണ് തിരഞ്ഞെടുപ്പ് ചൂടിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയും കോളേജിലെ പൂർവവിദ്യാർഥിയുമായ കെ.പി.സതീഷ് ചന്ദ്രനും സഹപാഠികളും ഒത്തുചേർന്നത്. 1975-78 കാലത്ത് നെഹ്രു കോളേജിലെ ഹിസ്റ്ററി ആൻഡ് ഇക്കണോമിക്സ് വിഭാഗത്തിലാണ് ഇവർ ബിരുദം നേടിയത്. തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുകനൽകി അവർ പിന്തുണയറിയിച്ചു.

അതിൽ അന്നത്തെ കെ.എസ്.യു. പ്രവർത്തകരായ റിട്ട. എസ്.പി. രാജു, ഇന്ത്യൻ ഫുട്‌ബോളറും നാലുതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ജേഴ്‌സിയണിഞ്ഞ കെ.വിജയകുമാർ, എൻ.ചെറിയോൻ നായർ എന്നിവരുമുണ്ടായിരുന്നു. കൂടാതെ രാജീവൻ കക്കാണത്ത്, പി.പി.ജഗദീശൻ, അഡ്വ. കെ.പി.അശോക് കുമാർ, പി.കുഞ്ഞിരാമൻ, എൻ.മാധവൻ, എ.കൃഷ്ണൻ, കെ.കൃഷ്ണൻ എന്നീ സഹപാഠികളുമെത്തിയപ്പോൾ തീർത്തും പൂർവവിദ്യാർഥി സംഗമ വേദികൂടിയായി കലാലയം. ഇനിയുള്ള ദിവസങ്ങളിൽ സതീഷ്ചന്ദ്രന് വേണ്ടി പ്രവർത്തിക്കുമെന്ന് അവർ യോഗത്തിൽ അറിയിച്ചു.

അന്നത്തെ സീനിയർ വിദ്യാർഥിയും പിന്നീട് സതീഷ്ചന്ദ്രന്റെ അധ്യാപകനുമായ പ്രൊഫ. കെ.പി.ജയരാജൻ, ഈ കോളേജിലെ പൂർവ വിദ്യാർഥി എം.രാജഗോപാലൻ എം.എൽ.എ., വി.കെ.രാജൻ, കെ.രാജ്‌മോഹനൻ, എം.വി.രതീഷ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കാഞ്ഞങ്ങാട് എസ്.എൻ. പോളിടെക്‌നിക് കോളേജ്, കാഞ്ഞങ്ങാട് എൻജിനീയറിങ്‌ കോളേജ്, കിനാനൂർ-കരിന്തളം ഗവ. ആട്‌സ് ആൻഡ് സയൻസ് കോളേജ്, കാലിച്ചാനടുക്കം എസ്.എൻ.ഡി.പി. കോളേജ്, മടിക്കൈ ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജ്, നീലേശ്വരം പാലാത്തടം കാമ്പസ് എന്നിവിടങ്ങളിലും വൻ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.

Content Highlights; ldf kasaragod constituency candidate satheesh chandran