കാസർകോട്: രണ്ടുവട്ടം അനൗപചാരിക പ്രചാരണം പൂർത്തിയാക്കിയ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രന്റെ ഒന്നാംഘട്ട പൊതുപര്യടനം ശനിയാഴ്ച കല്യാശ്ശേരിയിൽ നിന്നാരംഭിക്കും. രാവിലെ എട്ടിന് ആലക്കാട്ട് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ ഉദ്ഘാടനം ചെയ്യും.

24-ന് പയ്യന്നൂർ, 25-ന് ഉദുമ, 26-ന് കാസർകോട്, 27-ന് തൃക്കരിപ്പൂർ, 28-ന് കാഞ്ഞങ്ങാട്, 29-ന് മഞ്ചേശ്വരം എന്നിങ്ങനെയാണ് മറ്റ്‌ നിയമസഭാമണ്ഡലങ്ങളിലെ പര്യടനം. അനൗപചാരിക പര്യടനത്തിൽ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളും സന്ദർശിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വനിതാ പാർലമെന്റുകൾ നടന്നു. 170 ലോക്കൽ കമ്മിറ്റികളിൽ കൺവെൻഷൻ പൂർത്തിയായി. 1317 ബൂത്തുകളിലെ കൺവെൻഷൻ ഞായറാഴ്ചയോടെ പൂർത്തിയാകും.

എൽ.ഡി.എഫിന്റെ അഭ്യർഥനയുമായുള്ള മൂന്നുദിവസത്തെ ഗൃഹസന്ദർശനം വ്യാഴാഴ്ച തുടങ്ങി. ശനിയാഴ്ച സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ യുവജന, മഹിളാ സ്ക്വാഡുകൾ രംഗത്തിറങ്ങും.