കാസർകോട്: ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിപ്രകാരം അപേക്ഷ നൽകിയവർക്ക് ഭൂമി ലഭിച്ചില്ലെന്ന പരാതിയുമായി അപേക്ഷകർ. മനുഷ്യാവകാശ കമ്മിഷൻ ചൊവ്വാഴ്ച നടത്തിയ സിറ്റിങ്ങിലാണ് ദളിത് മഹാസഭാ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമന്റെ നേതൃത്വത്തിൽ നിരവധി അപേക്ഷകർ സംഘടിച്ചെത്തി പരാതി നൽകിയത്.

പനത്തടി വില്ലേജിലെ മൊട്ടയംകൊച്ചി, കള്ളാർ വില്ലേജിലെ ചേരിക്കല്ല്, പുല്ലൂർ വില്ലേജിലെ കാട്ടുമാടം, ബളാൽ വില്ലേജിലെ മാലൂർക്കയം, പനത്തടി വില്ലേജിലെ നെല്ലിത്തോട് തുടങ്ങിയ പ്രദേശങ്ങളിലായി മുന്നൂറിലേറെ കുടുംബങ്ങളാണ് പദ്ധതിപ്രകാരം അപേക്ഷിച്ചിരിക്കുന്നത്. മൂന്നരവർഷം മുൻപ് 360 കുടുംബങ്ങളാണ് പദ്ധതിപ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചത്.

പദ്ധതിപ്രകാരമുള്ള ഭൂമിക്കായി കാത്തുനിൽക്കുന്നതിനിടയിലാണ് പദ്ധതി റദ്ദ് ചെയ്തത് കാണിച്ച് നോട്ടീസ് ലഭിച്ചത്. പദ്ധതി നിർത്തിയ വിവരമറിയിച്ച് ഗുണഭോക്താക്കൾക്ക് അയച്ച നോട്ടീസിൽ നൽകിയ അപേക്ഷ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ നേതൃത്വത്തിൽ മേയ് 21-ന് പട്ടികവർഗ വികസന ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്ന് അന്നത്തെ കളക്ടർ കെ.ജീവൻബാബു ഹിയറിങ് വിളിക്കുകയും പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി പി.കെ.രാമൻ പറയുന്നു.

പ്രശ്‌നം പഠിക്കാൻ യോഗം വിളിക്കും

‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയിൽ അപേക്ഷിച്ചവർക്ക് ഭൂമി ലഭിച്ചില്ലെന്ന അപേക്ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിനായി ബുധനാഴ്ച യോഗം വിളിക്കും. പട്ടികവർഗ വികസന ഉദ്യോഗസ്ഥരുടെ യോഗമാണ് കളക്ടറുടെ ചേംബറിൽ നടക്കുക. നിലവിൽ ഈ അപേക്ഷയുടെ കാര്യത്തിൽ എന്ത് നടപടി എടുത്തുവെന്ന കാര്യവും പരിശോധിക്കും.

- ഡോ. ഡി.സജിത്ത് ബാബു

ജില്ലാ കളക്ടർ

പന്ത്രണ്ട്‌ പരാതികൾ തീർപ്പായി

മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാർ നടത്തിയ സിറ്റിങ്ങിൽ പുതുതായി ലഭിച്ചത് ഉൾപ്പെടെ 92 പരാതികൾ പരിഗണിച്ചു. 12 കേസുകൾ തീർപ്പാക്കി. എൻഡോസൾഫാനുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ പരിഗണിച്ചത്. സ്വകാര്യ ആസ്പത്രിയിൽ ചികിത്സാ പിഴവിനാൽ രോഗി മരിച്ചെന്ന പരാതിയിൽ ഡി.എം.ഒ., കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടി. മറ്റുപരാതികൾ ഒക്ടോബർ എട്ടിന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.‌