കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്ത് യൂത്ത് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ബി-സെവൻ സോക്കർ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെന്റ് സീസൺ-രണ്ട് മത്സരങ്ങൾ സമാപിച്ചു.
ചട്ടഞ്ചാൽ റിഫ്ളക്ട് ഫുട്ബോൾ ടീം ജേതാക്കളായി.
ഫൈനലിൽ കാടകം കാളിദാസ ടീമിനെയാണ് പരാജയപ്പെടുത്തിയത്.
നിശ്ചിതസമയം കഴിഞ്ഞപ്പോൾ 1-1 ഗോളിന് തുല്യത പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ചട്ടഞ്ചാലിന്റെ വിജയം.
സമാപനപരിപാടി കളക്ടർ ഡോ. ഡി.സജിത്ത്ബാബു ഉദ്ഘാടനം ചെയ്തു.
ബേഡഡുക്ക പഞ്ചായത്തിനെ യുവജന സൗഹൃദ പഞ്ചായത്തായുള്ള പ്രഖ്യാപനം പഞ്ചായത്തിന്റെ കായിക നയപ്രഖ്യാപനം എന്നിവയും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാൻ, സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.