കുണ്ടംകുഴി: പഞ്ചലിംഗേശ്വരക്ഷേത്രത്തിൽ ഉത്സവം വ്യാഴാഴ്ച രാത്രി സമാപിച്ചു. വൈകീട്ട് ശിവൻ, വിഷ്ണു, ശാസ്താവ് എന്നിവയുടെ തിടമ്പേറ്റി പാണ്ടിക്കണ്ടത്തേക്ക് നടന്ന ആറാട്ടെഴുന്നള്ളത്ത് ദർശിക്കാൻ ഒട്ടേറെ പേർ എത്തി.
എഴുന്നള്ളത്തിനെ കൊളത്തൂർ വിശ്വകർമക്ഷേത്രം, പാണ്ടിക്കണ്ടം വരവേൽപ്പ് കമ്മിറ്റി, വരിക്കുളം ചൂളിയാർ ഭഗവതിക്ഷേത്രം തുടങ്ങിയവയുടെ വക വിവിധയിടങ്ങളിൽ താലപ്പൊലിയോടെ വരവേറ്റു. രാത്രി ദീപാലങ്കാരങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് വിവിധ പൂജകൾ നടന്നു. പ്രസാദവിതരണം നടത്തിയതിനുശേഷം തന്ത്രി ഐ.കെ.കൃഷ്ണദാസിന്റെ കാർമികത്വത്തിൽ കൊടിയിറക്കി.
ഉത്സവസമാപനത്തിനുശേഷം വർഷംതോറുമുള്ള തെയ്യംകെട്ട് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
വെള്ളിയാഴ്ച രാത്രി എട്ടിന് ബെദിര കൊട്ടാരം ആദിനാൽവർ ദേവസ്ഥാനം തറവാട് ദൈവങ്ങളുടെ ഭണ്ഡാവരവ്, ചാമുണ്ഡി തെയ്യത്തിന്റെ തിടങ്ങൽ, മോന്തിക്കോലം.
ശനിയാഴ്ച പകൽ 11-ന് ചാമുണ്ഡിതെയ്യം. രാത്രി എട്ടിന് രക്തേശ്വരി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങൽ. തുടർന്ന് പാഷാണമൂർത്തി തെയ്യം. ഞായറാഴ്ച പകൽ 11-ന് രക്തേശ്വരി തെയ്യം. രണ്ടിന് വിഷ്ണുമൂർത്തി തെയ്യം.