കുണ്ടംകുഴി: മൂന്നാംകടവ് വഴി കാഞ്ഞങ്ങാട്ടേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിൽ കുണ്ടംകുഴിയിൽനിന്ന് മൂന്നാംകടവ് വഴി ഒരു കെ.എസ്.ആർ.ടി.സി., ഒരു ജനകീയ ബസ് എന്നിവ ഉൾപ്പെടെ നാല് ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഇത് മതിയാകാത്ത സ്ഥിതിയാണുള്ളത്.
താരംതട്ട, കുവാര, നെല്ലിയടുക്കം, പുത്തിയടുക്കം, നീർക്കയ, ബേളന്തടുക്ക, എടപ്പണി തുടങ്ങിയയിടങ്ങളിലുള്ളവർക്കാണ് യാത്രാദുരിതം. പുല്ലൂർ-പെരിയ, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് മൂന്നാംകടവ് പുഴയുടെ പാലം. കുണ്ടംകുഴിയിൽനിന്ന് മൂന്നാംകടവ് പാലം കടന്ന് ദേശീയപാത പെരിയയിലെത്താൻ 10 കിലോമീറ്റർ ദൂരമേയുള്ളു. കുണ്ടംകുഴിയിൽനിന്ന് പെരിയയിലേക്ക് പൊയിനാച്ചിവഴി പോകുന്നതിനേക്കാളും സമയക്കുറവും ദൂരക്കുറവുമാണ് ഇൗവഴി.
കാഞ്ഞങ്ങാട്ടേക്കും കാസർകോട്ടേക്കും ഉദ്യോഗസ്ഥരും വിദ്യാർഥികളുമുൾപ്പെടെ ഒട്ടേറെപേർ സഞ്ചരിക്കുന്ന റൂട്ടാണിത്. ഭൂരിഭാഗവും ചെറുവാഹനങ്ങളിലും കാൽനടയായുമാണ് കുണ്ടംകുഴിയിലൊ പെരിയയിലോ എത്തുന്നത്. ബന്തടുക്കയിൽനിന്ന് മൂന്നാംകടവ് വഴി കാഞ്ഞങ്ങാട്ടേക്കും കാഞ്ഞങ്ങാട്ടുനിന്ന് മൂന്നാംകടവ്-കുണ്ടംകുഴി-പൊയിനാച്ചി വഴി കാസർകോട്ടേക്കും ബസ് അനുവദിച്ചാൽ യാത്രാദുരിതം കുറയ്ക്കാനാകും.