കുമ്പള: റോഡിലൂടെ യാത്രചെയ്യുന്നവർ ശാന്തിപ്പള്ളത്ത് എത്തുമ്പോൾ അറിയാതെയൊന്ന് നോക്കിപ്പോകും. റോഡരികിലെ പൂന്തോട്ടത്തിൽ ചുവപ്പും, മഞ്ഞയും നിറമുള്ള പൂക്കളും, പുൽമൈതാനവും.

റോഡരികിൽ മനോഹരമായ പൂന്തോട്ടമൊരുക്കി മാതൃകയാവുകയാണ് ഒരുകൂട്ടം യുവാക്കൾ. കുമ്പള-സീതാംഗോളി റോഡരികിൽ ശാന്തിപ്പള്ളത്താണ് പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. കുമ്പളയിലെ ഫ്രണ്ട്‌ലി ബോയ്‌സ് ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബിലെ പ്രവർത്തകരാണ്‌ ഇതിനുപിന്നിൽ.

ചെടികൾ നനയ്ക്കുന്നതിനായി തൊട്ടടുത്ത് ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തകർ എല്ലാദിവസങ്ങളിലും ചെടികൾക്ക് വെള്ളം നനയ്ക്കുന്നു. കന്നുകാലികൾ കയറാതിരിക്കാൻ ഇരുമ്പ് കമ്പികൾ ഉപയോഗിച്ചുള്ള വലയും തയ്യാറാക്കി.

വിവിധതരത്തിലുള്ള പനിനീർ ചെടികൾ, കോളാമ്പി പൂക്കൾ, കുറ്റിമുല്ല എന്നിവയൊക്കെ പൂന്തോട്ടത്തിലുണ്ട്. കണിക്കൊന്നകളും നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും പുഷ്പിക്കാറായിട്ടില്ല. വർഷങ്ങൾക്ക് മുൻപ്‌ പട്ടണത്തിലെ മാലിന്യംതള്ളുന്ന ഇടമായിരുന്നു ഇത്.

ഇത് ഒഴിവാക്കാനായി യുവാക്കൾ ആലോചിച്ച വഴിയായിരുന്നു പൂന്തോട്ടം. ഇപ്പോൾ ചെടികളൊക്കെ വളർന്ന്‌ പുഷ്പിച്ചു. കുമ്പളയിലെ ആയുർവേദ ഡോക്ടറായ ജയരാജ്, രാജേഷ്, ജിതേഷ്, ത്രിവേണു എന്നിവർ ചെടികളെ പരിപാലിക്കുന്നു.