കുമ്പള: വെളുപ്പിന് പ്രാർഥന കഴിഞ്ഞാൽ ഹമീദിന് വിശ്രമമില്ല. മൊഗ്രാലിൽ ഒരേക്കറോളം വ്യാപിച്ചുകിടക്കുന്ന തറവാട് സ്ഥലത്തെ പച്ചക്കറിക്കൃഷിയിടത്തിൽ ജോലിയിൽ മുഴുകും. പിന്നീട് താൻ നടത്തുന്ന ഇലക്‌ട്രോണിക്സ് കടയിലുമെത്തും. മൊഗ്രാൽ റഹ്‌മത്ത് നഗറിലെ ഹമീദ് തികച്ചും ജൈവവളംകൊണ്ടാണ് പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളയിക്കുന്നത്.

അവധിദിനത്തിൽ മക്കളായ ബിലാലും ഫാത്തിമയും ഒപ്പമുണ്ടാകും. ചീര, പയർ, വെണ്ടക്ക, കക്കിരി, ചുരങ്ങ, കുമ്പളങ്ങ, പീര എന്നിവയാണ് കൃഷി. വിദ്യാർഥിയായിരിക്കുമ്പോൾ പിതാവിനോടൊപ്പം കൃഷിചെയ്ത് ശീലിച്ചതാണ്. നല്ലൊരു ടെക്‌നീഷ്യൻ കൂടിയായിരുന്ന ഹമീദ് ഇപ്പോൾ മണ്ണിനെയും കൃഷിയെയും ജീവനുതുല്യം സ്നേഹിക്കുന്ന യുവകർഷകനായി മാറിയിരിക്കുന്നു. പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ വളമായി ഉപയോഗിക്കുന്നു.

ഉത്പന്നങ്ങൾ തന്റെ സ്വന്തം ഇലക്‌ട്രോണിക്സ് കടയിലും മൊഗ്രാലിലെയും കുമ്പളയിലെയും പച്ചക്കറിക്കടകളിലും വിൽപ്പനയ്ക്ക്‌ നൽകും. അദ്ധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ടെന്ന് ഹമീദ് പറയുന്നു. ഹമീദിന്റെ പച്ചക്കറികൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയെന്ന് വ്യാപാരികളും സമ്മതിക്കുന്നു. ഹമീദിന്റെ കൃഷിരീതിയറിയാൻ ഒട്ടേറെ പേർ കൃഷിസ്ഥലത്തെത്താറുണ്ട്. നേരത്തേ വേനൽക്കാലത്ത് മാത്രമായിരുന്ന കൃഷി മഴക്കാലത്തേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.