കാസര്‍കോട്‌: ഇടിമുട്ടി തുലാമഴ പെയ്തു. മഴയുടെ താളത്തില്‍ വന്ദേമാതരം മുഴങ്ങി. വെളുത്ത കുപ്പായത്തിനും നരച്ച താടിക്കും ഇടയില്‍ കാവിഷാളുമായി വേദിയില്‍ എഴുന്നേറ്റ് നിന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖനും നേതാക്കളും പ്രവര്‍ത്തകരും അതിനൊപ്പം ചേര്‍ന്ന് പാടി. മഴ നനഞ്ഞ് നേരത്തേ എത്തിയ ഇരുട്ടില്‍ പെര്‍ള ടൗണില്‍ ചിതറിനിന്നിരുന്നവര്‍ കുടയുമായി വേദിയിലെ വിളക്കിനരികിലേക്ക് കൂടി നിന്നു. ഇരുട്ടില്‍നിന്ന് ആരോ വിളിച്ചു -ഭാരത് മാതാ കീ ജയ്...പെര്‍ള ഒന്നായി അതേറ്റ് പറഞ്ഞു.

തനി കന്നഡയില്‍ അധ്യക്ഷപ്രസംഗം നടത്തി രൂപറാണി ആര്‍. ഭട്ട് കുമ്മനത്തെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. തുളുവില്‍ നാടിന് നമസ്കാരം പറഞ്ഞ് കുമ്മനം പ്രസംഗം തുടങ്ങിയപ്പോഴേക്കും മഴ മാറിനിന്നു. പീടികത്തിണ്ണകളില്‍ മഴയില്‍നിന്ന് മാറിനിന്നവരെല്ലാം വേദിക്ക് മുന്നിലെ കസേരകളില്‍ വന്നിരുന്നു. കനത്ത ശബ്ദത്തില്‍ ഇഷ്ടക്കാരുടെ രാജേട്ടന്‍ സംസാരം തുടങ്ങി.

യു.ഡി.എഫും എല്‍.ഡി.എഫും തിരഞ്ഞെടുപ്പില്‍ ആശയപരമായി ഒന്നും പറയുന്നില്ല. വിവാദങ്ങളുണ്ടാക്കി പരസ്പരം ചെളിവാരിയെറിയുകയാണ് അവര്‍. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണത്. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ചാലും യു.ഡി.എഫ്. ജയിച്ചാലും എന്താ വ്യത്യാസം? എത്ര അവസരങ്ങള്‍ അവര്‍ക്ക് ജനം നല്‍കി? എന്നാല്‍ നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അതുപോലെ നില്‍ക്കുകയാണ്. ഒന്നിലും പരിഹാരം കാണാന്‍ അവര്‍ക്കായില്ല -വാക്കുകള്‍ക്ക് ഗൗരവം കൂടിക്കൊണ്ടിരുന്നു.

കമ്യൂണിസ്റ്റ് നേതാക്കള്‍ ഇപ്പോള്‍ ആചാരസംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്ത് ധാര്‍മികാവകാശമാണ് അതിനവര്‍ക്കുള്ളത്? ആചാരങ്ങള്‍ പിച്ചിച്ചീന്തിക്കളയണമെന്നാണ് നാളിതുവരെ അതിന്റെ നേതാക്കള്‍ പ്രസംഗിച്ചിരുന്നത്. പുരോഗമനത്തിന് വിപ്ലവ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ആചാരങ്ങള്‍ തടസ്സമാണ് എന്നാണ്. പിന്തിരിപ്പന്‍ മൂരാച്ചി ആശയങ്ങള്‍ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. കൊടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും ഈ കാര്യത്തില്‍ മത്സരിക്കുകയാണെന്ന് പരിഹാസം.

ആഭ്യന്തര മന്ത്രിയായിരിക്കെ ശബരിമലയില്‍ പോയപ്പോള്‍ നിരവധി അയ്യപ്പന്മാര്‍ ലാല്‍സലാം പറഞ്ഞ് സ്വീകരിച്ചു എന്നാണ് കൊടിയേരി പറയുന്നത്. എന്താ കഥ. ശബരിമല തീര്‍ഥാടകരെ അവഹേളിക്കുന്നതല്ലേ അത്. അരിവാളും ചുറ്റികയും തന്ന് തന്നെ സ്വീകരിച്ചുഎന്ന് അദ്ദേഹം പറയാതിരുന്നത് ഭാഗ്യം. കഴിഞ്ഞവര്‍ഷം എന്തിനാണ് ശരണം വിളിച്ചത്. പകരം നിങ്ങള്‍ക്ക് ലാല്‍സലാം വിളിക്കാമായിരുന്നില്ലേ എന്നാണ് കൊടിയേരി പറഞ്ഞതിന്റെ അര്‍ഥം. ശബരിമലയില്‍ കൊടിയേരി ബാലകൃഷ്ണാ...വിളിക്കേണ്ടത് ലാല്‍സലാമല്ല. അതൊക്കെ അന്തക്കാലം. ആ കാലം പോയി. ഇന്‍ക്വിലാബ് സിന്ദാബാദിന്റെ കാലം പോയി. അതൊക്കെ ഈ നാട്ടിലെ പാവങ്ങള്‍ വലിച്ചെറിഞ്ഞു. ചെങ്കൊടി വലിച്ചെറിഞ്ഞതിന്റെ ലക്ഷണമാണ് അരൂരില്‍ കാണുന്നത്. അവര്‍ മഞ്ഞക്കൊടിയേന്തുന്നു. മഞ്ഞക്കൊടിയില്‍ അരിവാള്‍ ചുറ്റികയാണ് കാണുന്നത്. എന്താ കഥ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്ത് സംഭവിച്ചു? വിപ്ലവത്തിന്റെ മണ്ണാണ് അരൂര്‍. പാര്‍ട്ടി വളര്‍ത്തിയെടുക്കാന്‍ പാവങ്ങളെ ചാവേറുകളാക്കിയവരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്നവരുടെ കാര്യം പറയാന്‍ ആരുമില്ല. നേതാക്കളെല്ലാം വിശ്വാസസംരക്ഷകരായി മാറിയിരിക്കുകയാണ്. അണികള്‍ ശ്രീനാരായണ ധര്‍മത്തെക്കുറിച്ച് ചിന്തിക്കുന്നു. ശബരിമലയിലേക്കും ശിവഗിരിയിലേക്കും തീര്‍ഥാടനത്തിന് പോകുന്നു. അവരുടെ ഹൃദയങ്ങളില്‍ ഒറ്റ മന്ത്രം മാത്രം. സ്വാമിയേ ശരണമയ്യപ്പാ...നാടിന്റെ മാറ്റമാണ്...എല്ലാവരും ചെങ്കൊടി ഉപേക്ഷിക്കും. അവര്‍ കരങ്ങളില്‍ ഹരിത കുങ്കുമ പതാക ഏന്തും...കനത്ത കൈയടിക്കൊപ്പം മഴ വീണ്ടും വരവറിയിച്ചു.

സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയോട് ഒരു ചോദ്യം. അദ്ദേഹം ഭൗതികവാദിയാണോ? വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വാസമുണ്ടോ? കമ്യൂണിസ്റ്റാണോ? പച്ചയായിട്ട് പറയട്ട്. ഇവിടെ ആചാരങ്ങള്‍ പിച്ചിച്ചീന്താന്‍ വേണ്ടിയാണ് വലിയ മതില്‍കെട്ടിപ്പടുത്തത്. വനിതാ മതില്‍. നവോത്ഥാനം എന്നാണ്‌ പറഞ്ഞത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ എന്തുകൊണ്ട് അന്ന് മതില്‍ കെട്ടിപ്പടുത്തില്ല? അന്ന് പറയാതിരുന്ന ആചാരങ്ങളെക്കുറിച്ച് ഈ തിരഞ്ഞെടുപ്പിന്റെ സമയമായപ്പോള്‍ പറയുകയാണ്. ഇത് വഞ്ചനയാണ്. ചതിയാണ്. അത് തിരിച്ചറിയണം.

യു.ഡി.എഫ്. പറയുന്നു ഞങ്ങളാണ് ആചാരങ്ങളുടെ സംരക്ഷകരെന്ന്. രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു? 1983-ല്‍ കെ.പി.ശങ്കരന്‍ നായര്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് എന്താക്കി? കോടതിയുടെ നിര്‍ദേശം അവഗണിച്ചില്ലേ? മതസ്വാതന്ത്ര്യം എന്തുകൊണ്ട് അനുവദിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ മറുപടി പറയണം. ആചാരങ്ങളുടെ ധ്വംസകരാണ് നിങ്ങള്‍. ശബരിമല വിഷയം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഗാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നില്ലേ? തിരഞ്ഞെടുപ്പ് വരുമ്പോള്‍ പത്തോട്ട് കിട്ടാന്‍ പച്ചക്കള്ളം പറഞ്ഞ് വരുന്നവരെ വിശ്വസിക്കരുത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. അത് ഭരണഘടനാ പരമായ അവകാശമാണ്. ഇന്ന് ശബരിമലയിലായിരിക്കും. നാളെ മലയാറ്റൂര്‍ പളളിയില്‍ ഇത് സംഭവിക്കാം. മുസ്‌ലിം പള്ളികളില്‍ സംഭവിക്കാം...ആചാരത്തെക്കുറിച്ചുള്ള വാക്കുകള്‍ക്കിടെ പെര്‍ള ടൗണ്‍ പള്ളിയില്‍നിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങി.

കേന്ദ്രത്തിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ളതായി പിന്നീടുള്ള കാര്യങ്ങള്‍. രാജ്യത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി വൈകാതെ പൂര്‍ത്തിയാക്കും. ജലശക്തി മിഷന്‍ പദ്ധതി വരുന്നു. പ്രഖ്യാപിച്ച എല്ലാ പദ്ധതികളും മോദി നടപ്പാക്കിക്കഴിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിന്റെ വിമോചനത്തിനുവേണ്ടി രവീശ തന്ത്രി കുണ്ടാറിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥന. വോട്ടര്‍മാരെക്കണ്ട് അവരുടെ ഹൃദയത്തില്‍ ആദ്യം താമര വിരിയിക്കണം. വോട്ടെണ്ണിക്കഴിയുമ്പോള്‍ മഞ്ചേശ്വരത്ത് വിരിയട്ടെ ലക്ഷക്കണക്കിന് ഇതളുള്ള താമര. ഈ രാത്രി കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെതും ആണ്. നാളത്തെ സൂര്യോദയത്തില്‍ വിടരാൻ പോകുന്നത് എന്‍.ഡി.എ.യുടെ താമരയാണ്...നിലയ്ക്കാത്ത കൈയടിക്കിടയില്‍ കുമ്മനം കസേരയിലേക്ക് ഇരുന്നു.

അടുത്ത ഊഴം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.ക്കൊപ്പം ചേര്‍ന്ന മുന്‍ എം.പി. എ.പി.അബ്ദുള്ളക്കുട്ടിയുടെതായിരുന്നു. സ്വാഗതപ്രാസംഗികന്‍ അദ്ദേഹത്തെ കുഞ്ഞാലിക്കുട്ടിയെന്ന് വിശേഷിപ്പിച്ചത് വേദിയിലും സദസ്സിലും പടര്‍ത്തിയ ചിരി വിണ്ടും എല്ലാവരുടെയും മുഖത്ത് വിരിഞ്ഞു. ദേശീയ മുസ്‌ലിം എന്ന തന്റെ പ്രഖ്യാപനം ട്രോളന്മാര്‍ ആഘോഷിച്ചെന്നും തന്നെ ദേശീയ മൃഗമായും പക്ഷിയായും അവര്‍ മാറ്റിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാല്‍, ട്രോളന്മാര്‍ക്ക് തെറ്റിയെന്നും അവര്‍ ദേശീയപുഷ്പമായ താമരയെ മറന്നെന്നും ഇനിയുള്ള നാളുകള്‍ അതിന്റെതാണെന്നുമുള്ള വാക്കുകള്‍ സദസ്സ് കൈയ്യടിയോടെ ഏറ്റെടുത്തു. തൊട്ടുപിന്നാലെ രവീശ തന്ത്രി കുണ്ടാര്‍ എത്തി. കുമ്മനം പകര്‍ന്ന ആവേശത്തില്‍ പ്രവര്‍ത്തകര്‍ ഇടിമുഴങ്ങുമാറ് മുദ്രാവാക്യം മുഴക്കിയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും സംസാരിച്ചു.