ചെറുവത്തൂർ: കേരളത്തെ പഠിക്കാൻ മിസോറം സംഘമെത്തി. 15 പേരടങ്ങുന്ന രണ്ട് സംഘമായിട്ടാണ് വ്യാഴാഴ്ച രാവിലെ ചെറുവത്തൂരിലും പിലിക്കോട്ടുമെത്തിയത്. ചെറുവത്തൂരിൽ പ്രസിഡന്റ് മാധവൻ മണിയറയും ഭരണസമിതിയംഗങ്ങളും കുടുബശ്രീജീവനക്കാരും ഭാരവാഹികളും പൊന്നാടയണിയിച്ച് സ്വീകരിച്ചു.
പിലിക്കോട്ട് പ്രസിഡന്റ് ടി.വി.ശ്രീധരനും ഭരണസമിതിയംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും ജീവനക്കാരും ഉപഹാരം നൽകി സ്വീകരിച്ചു. ഇത്തരത്തിൽ ആദരവും ഉപഹാരവും കിട്ടുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് ദിശാസൂചകമായ ജനകീയാസൂത്രണം, പ്രാദേശിക സാമ്പത്തിക സാമൂഹിക സാംസ്കാരിക വികസന പ്രക്രിയയിൽ ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന പദ്ധതികളും വികസനത്തിന്റെ കേരളമാതൃകയും നേരിട്ടറിയാനാണ് മിസോറം സ്റ്റേറ്റ് ലൈവിലിഹുഡ് മിഷൻ പ്രവർത്തകരുടെ സംഘമെത്തിയത്.
സംഘം മൂന്നുദിവസങ്ങളിലായി ചെറുവത്തൂരും പിലിക്കോടും തങ്ങും. വ്യാഴാഴ്ച പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പങ്കെടുത്ത് നടപടിക്രമങ്ങൾ മനസ്സിലാക്കി. തുടർന്ന് ഘടകസ്ഥാപനങ്ങൾ സന്ദർശിച്ചു. ഇവിടെനിന്ന് കണ്ടറിഞ്ഞിട്ടുവേണം മിസോറമിൽ പഞ്ചായത്ത് രാജ് സംവിധാനം രൂപപ്പെടുത്താനെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
വില്ലേജ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ടീം ലീഡർമാരായി കേരളത്തിൽനിന്നുള്ള ജയൻ പൂക്കാൽ, കുടുംബശ്രീ എൻ.ആർ.ഒ. കൃഷ്ണൻകുട്ടി നായർ, കുടുംബശ്രീ എ.ഡി.എം. സി.ഹരിദാസൻ, ഡി.പി.എം.ഷീബ എന്നിവർ സംഘത്തിന് സഹായത്തിനുണ്ട്.