പെരിയ: പെട്രോൾവില കൂടുമ്പോൾ നെഞ്ചിടിക്കുന്നവർക്ക് മുന്നിൽ തികച്ചും വ്യത്യസ്തനാണ് ടി.കൃഷ്ണൻനായരെന്ന കോടതി ജീവനക്കാരൻ. പുല്ലൂർ കണ്ണാങ്കോട്ടെ തന്റെ വീടിന് മുന്നിൽ നിർത്തിയിട്ട മകന്റെ കാറിനരികിൽ ഒരു സൈക്കിളുണ്ട്. വർഷങ്ങളായി തുടരുകയാണ് കൃഷ്ണൻ നായരും ഈ സൈക്കിളും തമ്മിലുള്ള ആത്മബന്ധം. തയ്യൽക്കാരനായി ജീവിതം ആരംഭിച്ചത് മുതൽ കൃഷ്ണൻ നായർ യാത്രയ്ക്കായി തിരഞ്ഞെടുത്തത് സൈക്കിളാണ്.

മാവുങ്കാലിലെ ശ്രീരാം വസ്ത്രാലയത്തിൽ 1976-ലാണ് കൃഷ്ണൻനായർ തയ്യൽക്കാരനാവുന്നത്. അക്കാലംമുതൽ തുടങ്ങിയതാണ് കൃഷ്ണൻനായരും സൈക്കിളും തമ്മിലുള്ള ബന്ധം. 350 രൂപയായിരുന്നു അന്ന് സൈക്കിളിന് വില. എന്നും രാവിലെയും വൈകീട്ടുമുള്ള സൈക്കിൾയാത്ര ശീലമാക്കിയതോടെ അദ്ദേഹത്തിന് വാഹനങ്ങളോട് കമ്പമില്ലാതായി. 29 വർഷം മുൻപ്‌ പാർട്ട്‌ ടൈമായി ഹൊസ്ദുർഗ്‌ കോടതിയിൽ ജീവനക്കാരനായപ്പോഴും സൈക്കിൾയാത്ര ഉപേക്ഷിച്ചില്ല. എട്ട് കിലോമീറ്റർ പുല്ലൂരിൽ നിന്ന്‌ സൈക്കിളിൽ യാത്രചെയ്താണ് ഇന്നും അദ്ദേഹം കോടതിയിലെത്തുന്നത്.

ഒരുദിവസം സൈക്കിൾസവാരി മുടങ്ങുമ്പോൾ ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയാണെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായുള്ള സൈക്കിൾയാത്രകൊണ്ട് ആരോഗ്യവും കാത്തുസൂക്ഷിക്കാനാകുന്നുണ്ട്. ജീവിതശൈലീരോഗങ്ങളൊന്നും ഈ 65-കാരനെ ബാധിച്ചിട്ടില്ല. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന മകൻ നിശാന്തിനും അധ്യാപികയായ മകൾ ശാലിനിക്കും സ്വന്തമായി കാറുണ്ടെങ്കിലും ഇതുവരെ അതിന്റെ വളയംപിടിക്കാൻ കൃഷ്ണൻനായർ താത്‌പര്യം കാണിച്ചിട്ടില്ല. കാലം മാറുമ്പോഴും അദ്ദേഹം തന്റെ യാത്ര സൈക്കിളിൽ തുടരുന്നു. പെട്രോൾവില 100 കടക്കുമ്പോഴും ആധിയില്ലാത്ത യാത്രയിലാണ് ഈ പഴയ തയ്യൽക്കാരൻ.സുഖം സുഖകരം ഈ യാത്ര വീട്ടിന് മുന്നിൽനിന്ന്‌ സൈക്കിളിൽ യാത്ര തുടങ്ങുന്ന കൃഷ്ണൻ നായർ