കാസർകോട്: കെ.പി.സതീഷ് ചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇടതുമുന്നണി കളത്തിലിറങ്ങി. പക്ഷേ, യു.ഡി.എഫും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യും പ്രഖ്യാപനം നീട്ടുന്നത് അവരെ മാത്രമല്ല ഇടതുമുന്നണിയെയും ആകാംക്ഷാഭരിതമാക്കുന്നു. എതിരാളിയെ അറിഞ്ഞാലല്ലേ തന്ത്രങ്ങൾ മെനയാൻ പറ്റൂ എന്ന് ഒരുനേതാവ് പ്രതികരിച്ചു.

‘കോൺഗ്രസിൽ ഇത് പതിവല്ലേ, അവസാനനിമിഷം ഓടിക്കിതച്ചല്ലേ സ്ഥാനാർഥികൾ വരുന്നത്’ എന്ന് ഒരു ഡി.സി.സി. ജനറൽ സെക്രട്ടറി. ശരിയാണ്. 2009-ൽ ഷാഹിദാ കമാൽ കോൺഗ്രസ്‌ സ്ഥാനാർഥിയെന്ന് കേട്ടപ്പോൾ പ്രവർത്തകർ അമ്പരുന്നു. വളരെ വൈകിയായിരുന്നു പ്രഖ്യാപനം എന്ന് മാത്രമല്ല, മണ്ഡലത്തിൽ പരിചിതവുമായിരുന്നില്ല. 2014-ൽ ടി.സിദ്ദിഖ് അവസാന നിമിഷം രംഗപ്രവേശം ചെയ്യുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ സജീവമായിരുന്നതുകൊണ്ട് അധികം പരിചയപ്പെടുത്തൽ വേണ്ടിവന്നില്ല. കനത്ത മത്സരം കാഴ്ചവെയ്ക്കാനും കഴിഞ്ഞു.

ഇത്തവണ എന്ത് അത്ഭുതമാണ് ഹൈക്കമാൻഡ് കാട്ടുക എന്ന് കാത്തിരിക്കുകയാണ് യു.ഡി.എഫ്. പ്രവർത്തകർ. കല്ല്യോട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അവരുടെ സംവിധാനങ്ങൾ സജീവമാണ്. അത് ഉപയോഗപ്പെടുത്താൻ പറ്റുന്ന സ്ഥാനാർഥിയെ അവർ പ്രതീക്ഷിക്കുന്നു. ഈ ആഴ്ചതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിച്ചേക്കും. രാഹുൽഗാന്ധി 14-ന് കല്ല്യോട്ട് വരുന്നുണ്ട്. ഫലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയാണ് നടക്കുക. അതിന് മുൻപ്‌ സ്ഥാനാർഥിയെ കിട്ടുമോ? പലതട്ടിലും കൂട്ടലും കിഴിക്കലും നടക്കുകയാണ്.

മത്സരിക്കാൻ താത്പര്യമുണ്ടോ എന്ന്‌ കെ.സുധാകരനോട് ഹൈക്കമാൻഡ് ആരാഞ്ഞതായി അറിയുന്നു. പാർട്ടി പറഞ്ഞാൽ എന്ന വ്യവസ്ഥയിൽ നിൽക്കുകയാണ് അദ്ദേഹം. ഇടതുമുന്നണി താരതമ്യേന മെച്ചപ്പെട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനോട് കിടപിടിക്കുന്നതാകണം പട്ടിക എന്ന് കോൺഗ്രസിൽ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെവന്നാൽ സുധാകരനും പട്ടികയിലുണ്ടാകും. പക്ഷേ, അത് കണ്ണൂരോ കാസർകോട്ടോ എന്ന ചോദ്യം ബാക്കി. സാമുദായിക സമവാക്യങ്ങളും പാലിക്കേണ്ടതുണ്ട്.

നേരത്തേ ഹൈക്കമാൻഡ് താത്പര്യപ്പെട്ട്‌ നടത്തിയ സർവേയിൽ ജില്ലക്കാരിൽ സ്വീകാര്യത ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലിനാണെന്ന് കണ്ടിരുന്നതായി ഒരു കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. തദ്ദേശീയനാണെങ്കിൽ ഹക്കിമിന് നറുക്ക് വീണേക്കാം. മുൻ എം.പി. രാമാറായിയുടെ മകൻ സുബ്ബയ്യ റായി തുടക്കം മുതൽ പട്ടികയിലുണ്ട്. ഇരുത്തംവന്ന നേതാവെന്ന നിലയിൽ കെ.പി.കുഞ്ഞിക്കണ്ണൻ, കല്ല്യോട്ട് വിഷയത്തിൽ ഓടിനടന്ന ബാലകൃഷ്ണൻ പെരിയ തുടങ്ങിയവരാണ് മുൻനിരയിലുള്ള മറ്റുള്ളവർ. കല്ല്യോട്ടുകാരായ യു.ഡി.എഫ്. ജില്ലാ കൺവീനർ ഗോവിന്ദൻ നായർ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എം.കെ.ബാബുരാജ് അടക്കമുള്ളവരുടെ പേരും പറഞ്ഞുകേൾക്കുന്നു.

ബി.ജെ.പി. അർഥഗർഭമായ മൗനത്തിലാണ്. മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം മാത്രം നോക്കിയല്ല അവിടെ സ്ഥാനാർഥി നിർണയം. പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് സ്വന്തം നിലയ്ക്കുള്ള ചില സംവിധാനങ്ങളുണ്ട്. അതിനാൽ ആരുടെയെങ്കിലും പേരിന് മുൻതൂക്കം പറയാൻ അവർ തയ്യാറല്ല. സംസ്ഥാനതലത്തിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന വടംവലി അവരെ കൂടുതൽ നിശ്ശബ്ദരാക്കുന്നു. മിക്കവാറും മണ്ഡലത്തിന് പുറത്തുനിന്നാകാനാണ് സാധ്യത. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ അവിടെ തദ്ദേശീയന് മുൻഗണന കിട്ടിയേക്കും.

Content Highlights: KP Satheesh Chandran LDF Candidate In Kasaragod Lok Sabha Constituency