രാജപുരം: പനത്തടി പഞ്ചായത്തിലെ സംസ്ഥാന അതിർത്തി ഗ്രാമമായ കമ്മാടിയിലെ മലക്കുടിയ വിഭാഗത്തിന്റെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യത്തിലേക്ക്. പന്നിപ്പാറ തോടിന് കുറുകെ പാലംനിർമിക്കുന്നതിനുള്ള വിശദമായ രൂപരേഖയും ഡിസൈനും തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് കല്ലപ്പള്ളി-വട്ടോളി-കമ്മാടി റോഡിൽ പന്നിപ്പാറ തോടിന് കുറുകെ പാലം നിർമിക്കുന്നത്. ഓരോ മഴക്കാലത്തും തോട് നിറഞ്ഞൊഴുകുന്നതോടെ കോളനിവാസികൾക്ക് പലപ്പോഴും പുറംലോകവുമായി ബന്ധപ്പെടാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. പാലം വരുന്നതോടെ ഈപ്രദേശത്തെ 47 ആദിവാസി കുടുംബങ്ങളുടെ വർഷങ്ങളായുള്ള പ്രധാന ആവശ്യത്തിന് പരിഹാരമാകും.
പ്രാഥമിക പരിശോധനയുടെ ഭാഗമായി നടന്ന യോഗം ഊരുമൂപ്പൻ ബെള്ളിയപ്പ ഉദ്ഘാടനംചെയ്തു. കുശാലപ്പ ഗൗഡ പെരുമുണ്ട അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനൻ, പഞ്ചായത്തംഗങ്ങളായ നളിനാക്ഷി, വി.ആർ.ബിജു, റവന്യൂ മന്ത്രിയുടെ പി.എ. കെ.പദ്മനാഭൻ, അരുൺ രംഗത്തുമല, മോഹനചന്ദ്രൻ നായർ, നന്ദകുമാർ എന്നിവർ സംബന്ധിച്ചു. കല്ലപ്പള്ളിയിൽനിന്ന് ആറ് കിലോമീറ്റർ ദൂരം വരുന്ന കമ്മാടി റോഡിന് കഴിഞ്ഞ ബജറ്റിൽ അഞ്ചുകോടി രൂപ നീക്കി വെച്ചിരുന്നു. ഇതിനുള്ള നടപടികളും അടിയന്തരമായി പൂർത്തീകരിച്ച് പാലത്തിന്റെയും റോഡിന്റെയും പ്രവൃത്തി ഈ സാമ്പത്തികവർഷത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ പന്നിപ്പാറ തോടിന് കുറുകെ 68 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തടയണയുടെ നിർമാണവും പുരോഗമിക്കുകയാണ്. 7.74 കോടി രൂപ ചെലവിൽ നടക്കുന്ന പാണത്തൂർ-കല്ലപ്പള്ളി-സുള്ള്യ അന്തസ്സംസ്ഥാന റോഡിന്റെ വികസനവും യാഥാർഥ്യമാകുന്നതോടെ അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് വഴിതെളിയും.