കാസർകോട്: ‘മാവേലി നാടുവാണിടും കാലം മാനുഷരെല്ലാരും ഒന്നു പോലെ’ എന്നാണ് ചൊല്ല്. എന്നാൽ അണങ്കൂരിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവേലി സ്റ്റോർ പൂട്ടിയതോടെയാണ് പ്രദേശവാസികൾക്ക് ആ ചൊല്ലിന്റെ മഹത്ത്വം മനസ്സിലായത്. കടകളിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ അരിയും പഞ്ചസാരയും നിത്യോപയോഗ സാധനങ്ങളും ലഭിച്ചിരുന്ന ഈ സ്ഥാപനം പൂട്ടിയിട്ട് ഒന്നരമാസമായി.

നവംബർ ഏഴിനാണ് ഇതിന്റെ ഷട്ടറിന്‌ പൂട്ടുവീണത്. 31-ന് കെട്ടിടം ഒഴിയണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞെങ്കിലും നാട്ടുകാർ ഇടപെട്ട് പകരം കെട്ടിടം കണ്ടെത്താമെന്ന ഉറപ്പിലാണ് ഒരാഴ്ച കൂടി സമയം നീട്ടിയത്. എന്നാൽ തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനമടക്കം ഇപ്പോഴും ആ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്തിനാണ് ഇത്ര തിരക്കിട്ട് മാവേലി സ്റ്റോർ മാത്രം ഒഴിഞ്ഞത് എന്ന നാട്ടുകാരുടെ ചോദ്യത്തിന് ദേശീയപാത അധികൃതർ നൽകിയ നിർദേശത്തെ തുടർന്ന് എന്നാണ് സപ്ലൈകോ അധികൃതർ നൽകുന്ന മറുപടി.

ദേശീയപാത അലൈൻമെന്റിന്റെ ഭാഗമായി കെട്ടിടമൊഴിഞ്ഞെങ്കിലും പകരം മറ്റൊരുകെട്ടിടം കണ്ടെത്തി മാറാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ദേശീയപാത ജീവനക്കാർ ആറുമാസം മുൻപ് പൂട്ടണമെന്ന് രേഖാമൂലം അറിയിച്ചിട്ടും സപ്ലൈകോ ജീവനക്കാർ പകരം കെട്ടിടം നോക്കാൻ തയ്യാറാവാത്തതാണ് ഈ സ്ഥാപനം പൂട്ടിക്കിടക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.

മാവേലി സ്റ്റോർ പൂട്ടുന്ന സമയത്ത്, വിദ്യാനഗർ ഗവ. കോളേജിനുസമീപത്തായി സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ് തുടങ്ങാൻ പദ്ധതിയുണ്ടെന്നാണ് ഇവിടെ എത്തുന്ന ഉപഭോക്താക്കളോട് പറഞ്ഞിരുന്നത്. ഇവിടെനിന്നുള്ള സാധനങ്ങളും മറ്റും മാറ്റുന്നതിനായി സപ്ലൈകോ ജിവനക്കാർ എത്തിയപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പകരം മാവേലി തുടങ്ങാതെ ഇവിടെനിന്നുള്ള സാധനങ്ങൾ കൊണ്ടു‌പോവാൻ അനുവദിക്കില്ലെന്നുപറഞ്ഞാണ് നാട്ടുകാർ ജീവനക്കാരെ തടഞ്ഞത്. അതിനുശേഷമാണ് സപ്ലൈകോ ജീവനക്കാർ കുറച്ചുകൂടി വലിയനിലയിൽ അടുത്തുതന്നെ സൂപ്പർ മാർക്കറ്റ് തുടങ്ങുമെന്നറിയിച്ചത്.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അടക്കം പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് നാട്ടുകാർ അയഞ്ഞത്. എത്രയും പെട്ടെന്ന് പകരം സ്ഥാപനം തുടങ്ങണമെന്ന് എം.എൽ.എ. അടക്കം നിർദേശം നൽകിയിട്ടും രണ്ടുമാസമാവാറായിട്ടും അതിനുള്ള കെട്ടിടംവരെ കണ്ടെത്താൻ അധികൃതർക്കായിട്ടില്ല. മാത്രമല്ല, പൊതുഖജനാവിന് നഷ്ടം വരുത്തുന്ന രീതിയിൽ ഇവിടെ ഉണ്ടായിരുന്ന സോപ്പ്, പൗഡർ തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളടക്കം കാസർകോട് ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു എന്നും നാട്ടുകാർ പരാതിപ്പെടുന്നു.

കെട്ടിടം കിട്ടാത്തത് കീറാമുട്ടി -സപ്ലൈകോ അധികൃതർ

ദേശീയപാത വികസനത്തിന്റെ പേരിൽ നിർത്തിയ മാവേലി സ്റ്റോർ തുടങ്ങുന്നതിന്‌ കീറാമുട്ടിയാവുന്നത് പുതിയ കെട്ടിടം കിട്ടാത്തതാണെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. പുതിയ കെട്ടിടത്തിന് വൻതുകയാണ് വാടകയായി പറയുന്നത്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് 3000 രൂപയായിരുന്നു വാടക. എന്നാൽ പുതിയ കെട്ടിടത്തിന് 20,000-നു മുകളിലാണ് വാടക ചോദിക്കുന്നത്. പറ്റിയ കെട്ടിടം കിട്ടുന്ന മുറയ്ക്ക് മാവേലി സ്റ്റോർ തുറക്കും. അതിനുവേണ്ടി നാട്ടുകാരുടെ ഭാഗത്തുനിന്നും ശ്രമം നടത്തിയിരുന്നു.

31-ന് ഒഴിയണമെന്ന് ദേശീയപാത അതോറ്റിറ്റി നിർബന്ധം പിടിച്ചിട്ടും നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം കണ്ടെത്താമെന്ന ധാരണയെത്തുടർന്നാണ് ഒരാഴ്ചകൂടി സമയം നീട്ടിയത്. എന്നിട്ടും പറ്റിയ കെട്ടിടമൊന്നും ശരിയാവാത്തതിനാലാണ് മാവേലി സ്റ്റോർ പൂട്ടിയത്‌. ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ കാസർകോട് ഡിപ്പോയിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. മാസം ആറ്്-ഏഴ് ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന ഇവിടെനിന്ന് ആറുലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഡിപ്പോയിലേക്ക് മാറ്റിയത്. തുടർന്നത് മറ്റ്‌ മാവേലി സ്റ്റോറുകളിലേക്ക് സ്റ്റോക്കായി അയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.