കുമ്പള: ആരിക്കാടി കടവത്ത് പതിനഞ്ചിലധികംപേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. പ്രദേശത്തെ മുതിർന്നവർക്കും കുട്ടികളുമടക്കം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ആരിക്കാടി എൽ.പി. സ്കൂൾ, കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും രോഗബാധിതരിൽപ്പെടും. മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനും ശുചിത്വംശീലം വളർത്താനും പ്രദേശത്തെ ക്ലബ്ബുകളുമായി സഹകരിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ഗൃഹസന്ദർശനം, സെമിനാറുകൾ എന്നിവയാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർ നടത്തുന്നത്. രോഗബാധിതർക്കാവശ്യമായ മരുന്നുകളും ഇതോടൊപ്പം വിതരണംചെയ്യുന്നുണ്ട്.

രോഗബാധതടയാൻ ശ്രദ്ധിക്കേണ്ടത്:

* തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക * ശൗചാലയത്തിൽ പോയതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

* രോഗബാധിതരുമായി സമ്പർക്കംപുലർത്തുവർ വ്യക്തിശുചിത്വം പാലിക്കണം

* കുടിവെള്ള സ്രോതസ്സുകൾ യഥാസമയം ക്ലോറിനേറ്റ് ചെയ്യുക * ധാരാളം വെള്ളം കുടിക്കുക

* വിശ്രമം അനിവാര്യം

* റോഡരികിലെ തുറന്നുവെച്ച പാനീയങ്ങളോ മുറിച്ചുവെച്ച പഴങ്ങളോ കഴിക്കാതിരിക്കുക