കാസർകോട്: സമസ്തയുടെ പൊതുയോഗത്തിൽ അച്ചടക്കലംഘനം നടത്തിയ 10 പ്രവർത്തകർക്കെതിരേ കേന്ദ്ര മുശാവറ യോഗം നടപടി സ്വീകരിച്ചു. അന്തരിച്ച ചെമ്പരിക്ക ഖാസിയുടെ പേരമക്കളായ റാഷിദ് ഹുദവി, സലീം ദേളി, സാബിർ ദേളി എന്നിവർക്കു പുറമെ സമസ്തയുടെ സ്ഥാപനത്തിൽ അധ്യാപകനായ മുസ്തഫ ഹുദവി, സിദ്ദീഖ് ഹുദവി, മുഹമ്മദ്‌കുഞ്ഞി ഹുദവി, ഹാമിദ് ആറ്റക്കോയ തങ്ങൾ വാഫി, അബൂബക്കർ ഹുദവി, സൈഫുദ്ധീൻ തങ്ങൾ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാർച്ചിൽ നടത്തിയ പ്രതിഷേധസമ്മേളനത്തിലാണ് പ്രവർത്തകർ അച്ചടക്കലംഘനം നടത്തിയത്.

സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ യു.എം.അബ്ദുൾറഹ്‌മാൻ യോഗത്തിൽ സംസാരിച്ചുകഴിഞ്ഞതിനുശേഷം അദ്ദേഹത്തിനെതിരേ ഗോ ബാക്ക് വിളിക്കുന്നതിന്‌ നേതൃത്വം നൽകി എന്നാണ് ഇവർക്കെതിരേ ആരോപിക്കുന്ന കുറ്റം. അച്ചടക്കനടപടി സ്വീകരിച്ച കാര്യം പത്രങ്ങളിലൂടെ അറിഞ്ഞതുമാത്രമാണെന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അച്ചടക്കനടപടിക്ക് വിധേയരായവർ അറിയിച്ചു.