ചിറ്റാരിക്കാൽ: വെള്ളം സുലഭമായിട്ടും ഉപയോഗിക്കാൻ കഴിയാതെ കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ് വെസ്റ്റ് എളേരിയിലെയും ഈസ്റ്റ് എളേരിയിലെയും അതിരുമാവ് കോളനി വാസികൾ വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് കോളനി ചിറ്റാരിക്കാൽ-വള്ളികടവ് റോഡിലെ കാറ്റാംകവലയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് 24 കുടുംബങ്ങൾ താമസിക്കുന്നത്. ഒരു പഞ്ചായത്ത് കിണർ മാത്രമായിരുന്നു ഏക ആശ്രയം. ജൂൺ മുതൽ ഡിസംബർ വരെ മാത്രമാണ് ഇതിൽനിന്ന് കുടിവെള്ളം ലഭിക്കുക. ഇതിനുശേഷം വാഹനങ്ങളിൽ വെള്ളം എത്തിക്കും. 1500 ലിറ്റർ കുടിവെള്ളം എത്തിക്കാൻ 500 രൂപ ഒരോ കുടുംബവും നൽകേണ്ടിവരുന്നുണ്ട്. കളക്ടറുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് എ.ആർ.ഡബ്ല്യു.എസ്.എസ്. പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ളപദ്ധതി അനുവദിച്ചു. കോളനിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ കുളം നിർമിക്കാനും രണ്ട് ടാങ്കുകൾ സ്ഥാപിച്ച് കോളനിയിൽ വെള്ളം എത്തിക്കാനുമായിരുന്നു പദ്ധതി. ഒരുവർഷം മുൻപുതന്നെ കുളവും, ടാങ്കും പൈപ്പ് ലൈനും സ്ഥാപിച്ചു. വൈദ്യുതി ലഭിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. ഇപ്പോൾ പഞ്ചായത്ത് വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് ആശ്രയം. മൂന്ന് ദിവസം കൂടുമ്പോൾ 200 ലിറ്റർ വെള്ളം ഒരുകുടുംബത്തിന് ലഭിക്കും. ഭക്ഷണം പാകംചെയ്യാനും മറ്റുപ്രാഥമിക ആവശ്യങ്ങൾക്കും ഇത് തികച്ചും അപര്യാപ്തമാണ്.
കിണറിൽ ജലം സുലഭമായിട്ടും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് കോളനിക്കാർ കാറ്റാംകവലയിൽനിന്ന് നാലര കിലോമീറ്റർ അകലെയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവർഗ കോളനി.
12 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ 10 വർഷംമുൻപ് കിണറും മോട്ടോറും പൈപ്പ് ലൈനും സ്ഥാപിച്ചിരുന്നു. രണ്ടുവർഷം കുടിവെള്ളം ലഭിച്ചിരുന്നു. മോട്ടോർ കേടാകുകയും ബിൽത്തുക അടയ്ക്കാത്തതിനാൽ വകുപ്പ് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
നന്നാക്കാൻ കൊണ്ടുപോയ മോട്ടോർ ഇതുവരെ തിരിച്ചുകൊണ്ടുവന്നിട്ടുമില്ല. കിണറിനുചുറ്റും മൂന്നുമീറ്റർ ഉയരത്തിൽ ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. അതിനുമുകളിൽ കോൺക്രീറ്റ് ചെയ്തിട്ടാണ് മോട്ടോർ സ്ഥാപിച്ചത്. തന്മൂലം വെള്ളം ഉണ്ടായിട്ടും കോരിയെടുക്കാൻപോലും ഇവർക്ക് കഴിയുന്നില്ല. ഈസ്റ്റ് എളേരി പഞ്ചായത്ത് ഈ കോളനിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നുമില്ല. പഞ്ചായത്ത് കിണറിനുസമീപമുള്ള ഒരു പാറമടയിൽനിന്നാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. കിണറിന്റെ ചുറ്റുമതിൽ തകർത്താൽ തങ്ങൾക്ക് കുടിവെള്ളം ലഭിക്കുമെന്ന് കോളനിയിലെ വീട്ടമ്മമാർ ഒന്നടങ്കം പറഞ്ഞു.
മോട്ടോർ അപ്രത്യക്ഷമാകുന്നു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ കോളനികളിൽ കുടിവെള്ളപദ്ധതിക്കുവേണ്ടി സ്ഥാപിച്ച മോട്ടോർ പലതും അപ്രത്യക്ഷമാകുന്നു. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കേടാകുന്ന മോട്ടോർ നന്നാക്കാൻ കൊണ്ടുപോയാൽ തിരിച്ചുവരുന്നില്ല. കുണ്ടാരം കോളനി, കൂട്ടക്കുഴി കോളനി, അതിരുമാവ് കോളനി എന്നിവിടങ്ങളിലെ മോട്ടോറുകളാണ് കാണാതായത്. ആരാണ് നന്നാക്കാൻ കൊണ്ടുപോയതെന്ന് കോളനിക്കാർക്കും ജനപ്രതിനിധികൾക്കും അറിയില്ല.