കാസർകോട്: ഹയർ സെക്കൻഡറിയിൽ ജില്ലയിൽ വിജയശതമാനം കുറഞ്ഞു. ഇത്തവണ 78.6 ശതമാനമാണ്. കഴിഞ്ഞകൊല്ലം 79.54 ആയിരുന്നു. ഇത്തവണ 105 സ്കൂളുകളിലായി 14,116 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11,095 പേർ ഉപരിപഠനത്തിന് അർഹതനേടിയപ്പോൾ കഴിഞ്ഞകൊല്ലം 14,146 പേർ എഴുതിയതിൽ 11,252 പേർ അർഹരായിരുന്നു.

ഇത്തവണ എട്ട്‌ കുട്ടികൾക്കേ മുഴുവൻമാർക്കും നേടാനായുള്ളൂ. കഴിഞ്ഞകൊല്ലം 17 കുട്ടികൾ നേടിയിരുന്നു. എല്ലാം സയൻസ് വിഭാഗത്തിലാണ്. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. കഴിഞ്ഞവർഷം 497 പേർ ഈ ബഹുമതി നേടിയപ്പോൾ ഇത്തവണ 459 പേർമാത്രം.

ഈവർഷവും സംസ്ഥാന ശരാശരിയേക്കാൾ (84.33) താഴെയാണ് ജില്ലയുടെ വിജയശതമാനം. ഇതരജില്ലകളുമായി താരതമ്യംചെയ്യുമ്പോൾ 13-ാം സ്ഥാനത്താണ് കാസർകോട്. പത്തനംതിട്ടമാത്രമാണ് (78) കാസർകോടിന്റെ പിന്നിൽ. പൊതുവെ പിന്നാക്കംനിൽക്കുന്ന ഇടുക്കി (84.24), വയനാട് (85.79) ജില്ലകൾ ബഹുദൂരം മുന്നിലെത്തി.

ഒരു സ്പെഷ്യൽ സ്കൂളടക്കം രണ്ടെണ്ണമാണ് ഇത്തവണ നൂറുശതമാനം നേടിയത്. ചെർക്കള മാർത്തോമ ബധിര വിദ്യാലയവും അൺ എയിഡഡ് സ്കൂളായ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവറും. മാർത്തോമയിൽ 15 കുട്ടികളും ലിറ്റിൽ ഫ്ളവറിൽ 25 കുട്ടികളുമാണ് പരീക്ഷയ്ക്കിരുന്നത്.

കഴിഞ്ഞവർഷം 119 കുട്ടികളെയിരുത്തി നൂറുശതമാനം നേടിയ സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണ ഒരുകുട്ടി തോറ്റതിനാൽ സ്ഥാനം നഷ്ടമായി. 116 കുട്ടികൾ പരീക്ഷയെഴുതിയ ഇവിടെ 115 പേരും കടമ്പകടന്നു. അതേസമയം, സയൻസ് വിഭാഗത്തിൽ ഇവിടുത്തെ മൂന്നുകുട്ടികൾ മുഴുവൻമാർക്കും നേടി സ്കൂളിന്റെ യശസ്സുയർത്തി. കഴിഞ്ഞകൊല്ലം ഇവിടുത്തെ ഒരുകുട്ടിക്കായിരുന്നു ഈ നേട്ടം.

ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി, പിലിക്കോട് ഗവ. ഹയർ സെക്കൻഡറി, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി തുടങ്ങിയവ മികച്ചവിജയം നേടിയവയാണ്.

മുപ്പത്‌ ശതമാനത്തിൽത്താഴെ വിജയംനേടിയ സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽനിന്ന് ഇത്തവണയും രണ്ട്‌ സ്കൂളുകൾ പെട്ടു. പെരിയ അംബേദ്കറും കളനാട് ഹൈദ്രോസ് ജമാ അത്തും. രണ്ടും അൺ എയിഡഡ് വിദ്യാലയങ്ങളാണ്. 34 പേർ പരീക്ഷയെഴുതിയ കളനാട് ഒൻപതുപേരേ ജയിച്ചുള്ളൂ-26.47 ശതമാനം. പെരിയ പള്ളിക്കര അംബേദ്കറിൽ 56 പേർ എഴുതി, ഒൻപതുപേർമാത്രം ജയിച്ചു-16.07 ശതമാനം. ഈ സ്കൂൾ കഴിഞ്ഞകൊല്ലവും 30 ശതമാനത്തിൽത്താഴെയുള്ളവരുടെ പട്ടികയിലായിരുന്നു. ഓപ്പൺ വിഭാഗത്തിൽ 1915 പേർ എഴുതി, 828 പേർ വിജയിച്ചു. 43.24 ശതമാനം വിജയം.

മാർത്തോമയ്ക്ക് പ്ലസ് ടുവിനും നൂറുശതമാനം

: മാർത്തോമ ബദിര വിദ്യാലയം പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയംനേടി. പരീക്ഷയെഴുതിയ 15 വിദ്യാർഥികളും വിജയിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിലും നൂറുശതമാനമായിരുന്നു വിജയം. അധ്യാപകരുടെയും രക്ഷാകർത്തൃസമിതിയുടെയും കൂട്ടായ ശ്രമഫലമായാണ് വിജയമെന്ന് അഡ്മിനിസ്ട്രേറ്റർ ഫാ. എ.ജി.മാത്യു പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 77.07 ശതമാനം

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഈവർഷം വിജയശതമാനത്തിൽ നേരിയ വർധനയുണ്ട്-77.07 ശതമാനം. മുൻവർഷം 76.17 ആയിരുന്നു. ഇത്തവണ 1,317 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1,015 പേരാണ് ഉപരിപഠനത്തിന് അർഹതനേടിയത്. അനുശ്രീ കെ. (കാറഡുക്ക വി.എച്ച്.എസ്.എസ്.), ഇബ്രാഹിം കലന്താർ, ആയിത്ത് മഹസൂമ, ആർ.കെ.രജിത്, കെ.സിഞ്ചന (മുള്ളേരിയ ഗവ. വി.എച്ച്.എസ്.എസ്.), പി.പി.അനുശ്രീ (കെ.എം.വി.എച്ച്.എസ്.എസ്. കൊടക്കാട്) എന്നിവർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.