തൃക്കരിപ്പൂർ: ഇത്തവണയും പോളിങ് സാധനങ്ങളുമായി കടത്തുതോണിയിൽ തയ്യിൽ സൗത്ത് കടപ്പുറത്ത് ഉദ്യോഗസ്ഥരെത്തി. വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം തയ്യിൽ സൗത്ത് ജി.എൽ.പി. സ്കൂളിലെ 159-നമ്പർ ബൂത്തിൽ ഉച്ചയ്ക്കുേശഷം മൂന്നുമണിക്കാണ് സംഘം എത്തിയത്. നെഹ്രു കോളേജിൽനിന്ന്‌ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി പയ്യന്നൂർ രാമന്തളി വഴിയാണ് പണ്ട്യാലക്കടവിൽ എത്തിയത്.

വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന ബൂത്തിൽ 165 പുരുഷന്മാരും 183 വനിതകളുമടക്കം 348 വോട്ടർമാരാണുള്ളത്. ഒരുകാലത്ത് വലിയപറമ്പ് പഞ്ചായത്തിലെ ഏല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥർ എത്തിയിരുന്നത് കടത്തുതോണിയിലായിരുന്നു. എന്നാൽ വടക്കുഭാഗത്ത് മാവിലാക്കടപ്പുറത്തും മധ്യഭാഗത്ത് വലിയപറമ്പിലും പാലവും ഇടയിലക്കാട്, മാടക്കാൽ, തെക്കേക്കാട് ബണ്ടുകളും വന്നതോടെ തയ്യിൽ സൗത്ത് കടപ്പുറം ബൂത്തിലെത്താൻ മാത്രമാണ് റോഡ് ഗതാഗതമില്ലാത്തത്.

പ്രിസൈഡിങ് ഓഫീസർ സി.കെ.നാരായണന്റെ നേതൃത്വത്തിലുള്ള നാല് പോളിങ് ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരുമുൾപ്പെടെ ആറംഗ സംഘമാണ് തോണിയിൽ എത്തിയത്. റോഡും പാലവും ഇല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്ന പ്രദേശംകൂടിയാണിത്. നേരത്തേ ഇവിടെ നടപ്പാലം നിർമിക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല. പിന്നീട്‌ റോഡുപാലം അനുവദിച്ചെങ്കിലും നടപ്പായില്ല. തീരദേശ ഹൈവേ വരുന്നതോടെ പാലമാകുമെന്ന പ്രതീക്ഷയിലാണ്. കടലിനും കായലിനും ഇടയിൽ 24 കി.മി. ദൈർഘ്യമുള്ള വലിയപറമ്പ് പഞ്ചായത്തിലെ വിലാക്കടപ്പുറം- ഏഴിമല റോഡ് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം തയ്യിൽ നോർത്ത് കടപ്പുറംവരെ മാത്രമാണ് നിർമാണം പൂർത്തിയായത്. തയ്യിൽ സൗത്ത് കടപ്പുറത്ത് 5 കി.മി. നീളത്തിൽ ഇനിയും റോഡുനിർമാണം തുടങ്ങിയിട്ടില്ല.