കാസർകോട്: 682 കേന്ദ്രങ്ങൾ. 1317 ബൂത്തുകൾ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ 11 മണിക്കൂർ. ഈ സമയത്തിനുള്ളിൽ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ കാസർകോട് മണ്ഡലത്തിലെ 13,60,827 വോട്ടർമാർ തങ്ങളുടെ ലോക്‌സഭാ പ്രതിനിധിയെ നിശ്ചയിക്കും. ഒൻപതുപേരാണ് വോട്ടർമാരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ കെ.പി.സതീഷ് ചന്ദ്രൻ, ഐക്യമുന്നണിയുടെ രാജ്‌മോഹൻ ഉണ്ണിത്താൻ, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രവീശ തന്ത്രി കുണ്ടാർ എന്നിവർ മുഖ്യം.

അഡ്വ. ബഷീർ ആലടി (ബി.എസ്.പി.), ഗോവിന്ദൻ ബി. ആലിൻതാഴെ, കെ.നരേന്ദ്രകുമാർ, സജി, രമേശൻ ബന്തടുക്ക, ആർ.കെ.രവീന്ദ്രൻ എന്നിവർ മറ്റുള്ളവർ.

കഴിഞ്ഞതവണ 12,43,730 വോട്ടർമാർ. 9,75.195 പേർ അവകാശം വിനിയോഗിച്ചു-78.41 ശതമാനം. ഇത്തവണ 1,17,097 പേർ കൂടി. കഴിഞ്ഞതവണത്തെ ശതമാനം നിലനിർത്തണമെങ്കിൽ 10,67,024 പേർ വോട്ടുചെയ്യണം. അതുണ്ടാകുമോ എന്ന് ചൊവ്വാഴ്ച പോളിങ് കഴിഞ്ഞാലറിയാം. പ്രചാരണത്തിന്റെ തീവ്രത കണ്ടാൽ സാധ്യത കൂടുതലാണ്.

തിരഞ്ഞെടുപ്പ് ജോലിക്കായി 3872 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 668 റിസർവ്ഡ് ജീവനക്കാരുമുണ്ട്. സുരക്ഷയ്ക്കായി 2641 പോലീസുകാരെ വിന്യസിച്ചു. 1317 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

മോക്‌പോൾ സമയത്ത് വോട്ട് ചെയ്ത സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരേയുള്ള ലൈറ്റ് അല്ല തെളിയുന്നതെങ്കിൽ വേറെ വോട്ടിങ്‌ യന്ത്രം ഉപയോഗിക്കും. വി.വി.പാറ്റ് സ്ലിപ്പിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവുമല്ല വരുന്നതെങ്കിലും മോക്‌പോളിന്റെ എണ്ണം ടാലിയാവുന്നില്ലെങ്കിലും യന്ത്രം കേടായാലും യന്ത്രം മാറ്റും. ഇതിന് 265 അധികം യന്ത്രങ്ങളും സജ്ജീകരിച്ചു.

വോട്ടെടുപ്പിന് ഒരുമണിക്കൂർ മുൻപ്‌ സ്ഥാനാർഥിയുടെയോ പോളിങ് ഏജന്റിന്റെയോ സന്നിധ്യത്തിൽ മോക്പോൾ നടത്തും. രണ്ട് സ്ഥാനാർഥികളുടെയെങ്കിലും ഏജന്റുമാർ സന്നിഹിതരായിട്ടില്ലെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് 15 മിനിറ്റ്‌ കാത്തിരുന്നശേഷം മോക്പോൾ ആരംഭിക്കാം. 50 വോട്ടെങ്കിലും മോക്പോളായി ചെയ്യണം.

മോക്പോൾ പൂർത്തിയായശേഷം ക്ലോസ് ബട്ടൺ അമർത്തണം. റിസൾട്ട് ബട്ടൺ അമർത്തുമ്പോൾ ഡിസ്‌പ്ലേ പാനലിൽ ഫലം കാണിക്കും. ഈ റിസൾട്ടും വി.വി.പാറ്റിലെ പേപ്പർ സ്ലിപ്പും ഒത്തുനോക്കി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. തുടർന്ന് ക്ലിയർ ബട്ടൺ അമർത്തി, ചെയ്ത മോക്ക് വോട്ടുകൾ സീറോ ആക്കണം. തിരഞ്ഞെടുപ്പിനിടയിൽ ആണ് വോട്ടിങ് യന്ത്രം തകരാറാവുന്നതെങ്കിൽ പുതുതായി ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ നോട്ട ഉൾപ്പെടെ ഓരോ സ്ഥാനാർഥിക്കും ഒരുവോട്ട് വീതം മോക്ക് പോളായി ചെയ്താൽ മതി.