കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് കവലയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ തീപ്പിടിത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ച സാധനങ്ങൾ കത്തിനശിച്ചു. കോട്ടച്ചേരി രാംനഗർ റോഡിലെ പടക്കക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിെന്റ അടിഭാഗത്തുള്ള പൈപ്പുകളും മറ്റും സൂക്ഷിച്ച ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. പാറപ്പള്ളി ഉറുസിനുപോയി തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന ചെറുപ്പക്കാരാണ് ഗോഡൗണിൽ തീ പടരുന്നത് കണ്ടത്. ഇവർ ഉടൻ കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ തീ ആളിക്കത്തുന്നതിന്റെ വ്യാപ്തി കൂടിയിരുന്നു. രണ്ട്‌ യൂണിറ്റുകൾ ചേർന്ന് പുലർച്ചെ മൂന്നരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിച്ച ഗോഡൗണിന്‌ മുകളിൽ കാസർകോട് സ്വദേശിയുടെ പടക്കക്കടയുണ്ടായത് ആശങ്ക പടർത്തിയിരുന്നു. ലക്ഷക്കണക്കിന്‌ രൂപയുടെ പൈപ്പുകളും മറ്റുമാണ് കത്തിനശിച്ചത്.

സമയോചിതമായി പ്രവർത്തിച്ച് അഗ്നിരക്ഷാസേനയ്ക്ക് വിവരം കൈമാറിയ ഇക്ബാൽ സ്കൂൾ പരിസരത്തെ അനാസ്, വാഹിദ്, അർഷാദ്, ഇശാം, സമദ്, ഫായിസ്, ഫയറുസ്, മുബഷിർ എന്നിവരെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ പി.കെ.അനിൽ, ഫയർമാൻ ഡ്രൈവർ പി.സി.ജ്യോതികുമാർ, വി.എസ്.ജയരാജ്, ഫയർമാൻമാരായ ജി.എ.ഷിബിൻ, എസ്.ആർ.മനു, ജി.എസ്.രഞ്ജിത്ത്, വി.എസ്.ശ്രീസുര്യ, ഹോംഗാർഡുമാരായ കെ.നാരായണൻ, പി.പി.സുധാകരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.