ബന്തടുക്ക: ചാമക്കൊച്ചി പയറടുക്കം തിമ്മയ്യമൂലയിലെ കർഷകർ വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. നട്ടുനനച്ചുണ്ടാക്കിയതിൽനിന്ന് വിളവെടുക്കാറാകുമ്പോഴേക്കും മൃഗങ്ങളെത്തി നശിപ്പിക്കുകയാണ്. ഒന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

വനാതിർത്തിപ്രദേശമാണിവിടം. ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ് എന്നിവയ്ക്ക്‌ നേരിട്ട് കൃഷിയിടത്തിലെത്താൻ സാധിക്കുന്നതരത്തിലുള്ള ഭൂപ്രകൃതിയാണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവിടെ ആദ്യമായി ആനയിറങ്ങി നാശംവരുത്തുന്നത്. അന്ന് കെ.ശശികുമാർ, പി.കൃഷ്ണ നായ്ക്ക്, എം.നിർമല ദാമോദരൻ, കെ.തമ്പാൻ നായർ പൊയിനാച്ചി എന്നിവരുടെ തോട്ടങ്ങളിൽ വലിയ നാശമുണ്ടാക്കിയിരുന്നു. ഒട്ടേറെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചിരുന്നു. ശശികുമാറിന്റെ സ്ഥലത്ത് റോഡരികിലുള്ള തെങ്ങുകളുടെ ഓല ചീന്തിനശിപ്പിച്ചത്‌ ഇപ്പോൾ പൂർണമായും ഉണങ്ങിയിരിക്കുകയാണ്.

അതിനുശേഷവും ആനയിറങ്ങിയിരുന്നു. കാട്ടുപോത്ത്, കുരങ്ങ് എന്നിവ സ്ഥിരമായെത്തി നാശംവരുത്തുന്നു.

ഇവിടെ അഞ്ചര ഏക്കർ സ്ഥലം മൂന്നുവർഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിനടത്തുകയാണ് അണ്ണപ്പാടിയിലെ എം.തമ്പാൻ നായർ. കാലാവധി ഒന്നരവർഷം പൂർത്തിയായി. പക്ഷേ, കുരങ്ങുശല്യത്താൽ വിളകളൊന്നും ലഭിക്കുന്നില്ല. ടാപ്പ്‌ ചെയ്തുകഴിഞ്ഞാൽ റബ്ബർപ്പാൽ ശേഖരിക്കുന്നതിനുമുൻപേ കുരങ്ങുകളെത്തി ചിരട്ട കമിഴ്ത്തിവെച്ച് നശിപ്പിക്കും. തേങ്ങ ഒന്നുംതന്നെ ലഭിക്കുന്നില്ല.

കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയവയാണ് പ്രധാന കൃഷി. ഒട്ടുമിക്കതും നശിപ്പിച്ചുകഴിഞ്ഞു.

ജലവിതരണത്തിന് സ്ഥാപിച്ച പൈപ്പുകളും നശിച്ചു.

വനത്തിലൂടെയുള്ള ബന്തടുക്ക-അഡൂർ റോഡിൽക്കൂടിയാണ് മൃഗങ്ങൾ യഥേഷ്ടം കൃഷിയിടത്തിലെത്തുന്നത്.

വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സുരക്ഷാവേലിയില്ല.

നഷ്ടപരിഹാരത്തിന് വനംവകുപ്പിൽ അപേക്ഷ നൽകിയതല്ലാതെ നടപടിയുണ്ടായില്ല എന്നും കർഷകർ പറയുന്നു.

തോടിന് സംരക്ഷണഭിത്തി വേണം

സമീപത്തെ പയറടുക്കത്തുകാരും വന്യമൃഗഭീഷണിയിലാണ്. തിന്മയ്യമൂലയിൽനിന്ന് തോടുകടന്ന് എളുപ്പം ഇവ പയറ്റടുക്കത്തെ തോട്ടങ്ങളിലെത്തുന്നു. തോടും തോട്ടവും ഒരേനിരപ്പിലായതിനാലാണിത്. തോടിനിരുവശവും സംരക്ഷണഭിത്തിയില്ല. അതിനാൽ മണ്ണൊലിപ്പും വ്യാപകം. കരിങ്കല്ലിൽ സംരക്ഷണഭിത്തി നിർമിച്ച് മൃഗങ്ങൾ തോട്ടത്തിലെത്തുന്നത് തടയുന്നതിന് നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.