കാസർകോട്: നഗരത്തിലെ നടപ്പാതകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ജോലികൾ സമയത്ത് പൂർത്തിയാക്കാത്തത് കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാക്കുന്നു. ഓടകൾക്കുമുകളിൽ നടപ്പാതയ്ക്കായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ കൃത്യമായി അടക്കാത്തതാണ് പ്രശ്നം. ഒരു സ്ഥലത്തെ പണി പൂർത്തിയാക്കാതെ മറ്റിടങ്ങളിലേക്ക് മാറ്റിയതായും കച്ചവടക്കാർ പറയുന്നു.

ഓടകളിൽ മാലിന്യങ്ങൾ കുടുങ്ങിയാൽ വൃത്തിയാക്കാനായി കോൺക്രീറ്റ് ചെയ്തയിടങ്ങളിൽ ചിലഭാഗങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഇവിടെ സ്ലാബിട്ട് ആവശ്യം വന്നാൽ തുറക്കാൻകഴിയുന്ന രീതിയിൽ സജ്ജീകരിക്കാനാണ് പദ്ധതി. എന്നാൽ, എം.ജി.റോഡിൽ മാർക്കറ്റ് പരിസരത്ത് മിക്കയിടങ്ങളിലും സ്ലാബിടൽ നടന്നിട്ടില്ല. മത്സ്യമാർക്കറ്റിൽനിന്ന്‌ വരുന്ന മലിനജലം ഒഴുകുന്ന ഓട തുറന്നുകിടക്കുന്നത് കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. പണി പൂർത്തിയായി മൂന്നാഴ്ച കഴിഞ്ഞിട്ടും ഓട അടയ്ക്കാത്തതിനാൽ കച്ചവടക്കാർ മരകഷ്ണവും മറ്റും വെച്ചാണ് ഓട അടച്ചത്.

’’ ഈഭാഗത്ത് തെരുവുവിളക്കില്ല, കഴിഞ്ഞദിവസം ഓടയിൽ രണ്ടുപേർ വീണിരുന്നു, ഓട തുറന്നതിനാൽ നാറ്റം സഹിച്ച് കടയിൽ ഇരിക്കാനും കഴിയുന്നില്ല’’ കച്ചവടക്കാരനായ സത്താർ പറഞ്ഞു. മാർക്കറ്റ് പരിസരത്ത് കടയുടമകൾ തന്നെ ഓട അടച്ചിട്ടുണ്ട്. നിലവിൽ ജനറൽ ആസ്പത്രി പരിസരത്തെ ഓടകൾ തുറന്നിട്ടുണ്ട്.

പണി തുടങ്ങുന്നതിന് രണ്ടാഴ്ചയോളം മുമ്പെ പഴയ പ്രസ് ക്ലബ്ബ്‌ ട്രാഫിക് ജങ്‌ഷന് സമീപത്തെ ഓടകൾ തുറന്നിരുന്നു. ഇവിടെ റോഡരികിന് വീതികുറഞ്ഞതിനാൽ കാൽനടയാത്ര ദുഷ്കരമാണ്. ട്രാഫിക് ജങ്‌ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടപ്പാത നവീകരിക്കുന്ന ജോലി പൊതുമാരാമത്ത് വകുപ്പ് (റോഡ്) വിഭാഗമാണ് നടത്തുന്നത്.