കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച എട്ട് സ്ഥാനാർഥികളുടെ നാമനിരദേശ പത്രികകള്‍ സ്വീകരിച്ചു. എം.സി.ഖമറുദീന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്), രവീശതന്ത്രി കുണ്ടാര്‍ (ബി.ജെ.പി.), എം.ശങ്കരര്‍ റൈ (സി.പി.എം.), ബി.ഗോവിന്ദന്‍ (അംബേദ്ക്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ .പി.ഐ.), കെ.അബ്ദുള്ള (സ്വതന്ത്രന്‍), എം.സി.ഖമറുദീന്‍ (സ്വതന്ത്രന്‍), ഐ.ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), ബി.രാജേഷ് (സ്വതന്ത്രന്‍) എന്നിവരുടെ നാമനിർദേശ പത്രികകളാണ് സ്വീകരിച്ചത്. മൂന്ന് പകരം സ്ഥാനാർഥികളുടേതുള്‍പ്പടെ അഞ്ച് പത്രികകള്‍ തള്ളി. ഡോ. കെ.പദ്‌മരാജന്‍, എ.കെ.എം. അഷറഫ് എന്നിവരുടെ പത്രികകള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം മൂന്നുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
പകരം സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയിരുന്ന എം.അബ്ബാസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്), പി. രഘുദേവന്‍ (സി.പി.എം.), സതീഷ്ചന്ദ്ര ഭണ്ഡാരി (ബി.ജെ.പി.) എന്നിവരുടെ പത്രികകളാണ് മുഖ്യസ്ഥാനാർഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍.) എന്‍.പ്രേമചന്ദ്രന്‍ തള്ളിയത്.
ജനറല്‍ ഒബ്സര്‍വര്‍ വി.യശ്വന്ത, വരണാധികാരിയായ എന്‍.പ്രേമചന്ദ്രന്‍ എന്നിവര്‍ സൂക്ഷ്മപരിശോധനയ്ക്ക് നേതൃത്വം നല്‍കി. എ.ആര്‍.ഒ, എന്‍.സുരേന്ദ്രന്‍, ഇ.ആര്‍.ഒ., വി.എം.സജീവന്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയില്‍ പങ്കെടുത്തു.
നിരീക്ഷകനെ സന്ദര്‍ശിക്കാം
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ വി.യശ്വന്തയെ അറിയിക്കാം. എല്ലാദിവസവും രാവിലെ 10 മുതല്‍ 11 വരെ കാസര്‍കോട് സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസ് ചന്ദ്രഗിരിയില്‍ നിരീക്ഷകനെ സന്ദര്‍ശിക്കാം. ഫോണ്‍: 7306617732.
ആകെ 2,14,810 വോട്ടര്‍മാര്‍
കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,14,810 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,07,879 വോട്ടര്‍മാര്‍ പുരുഷന്‍മാരും 1,06,931 വോട്ടര്‍മാര്‍ സ്ത്രീകളുമാണ്. 649 പ്രവാസി വോട്ടര്‍മാരില്‍ 626 പേര്‍ പുരുഷന്‍മാരും 23 പേര്‍ സ്ത്രീകളും ആണ്. ആകെയുള്ള 31 സര്‍വീസ് വോട്ടര്‍മാരില്‍ 28 പേരും പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ആണ് ഉള്ളത്. 109 ലോക്കേഷനുകളിലായി 198 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്.
ടിക്കാറാം മീണ ഇന്ന് ജില്ലയില്‍
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേരള ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടിക്കാറാം മീണ ബുധനാഴ്ച കാസര്‍കോട്ടെത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ പോലീസ് മേധാവി, മഞ്ചേശ്വരം മണ്ഡലം വരണാധികാരി, നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉച്ചയ്ക്ക് രണ്ടുമണിക്ക് അദ്ദേഹം ചര്‍ച്ച നടത്തും. കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഇലക്‌ഷന്‍ വെയര്‍ഹൗസ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.