കാസര്‍കോട്: ബേക്കൂർ സ്വദേശി അൽത്താഫി(52)നെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ്. ഭാര്യയുടെ മുൻവിവാഹത്തിലെ മകളുടെ ഭർത്താവും സംഘവും തട്ടിക്കൊണ്ടുപോയി മർദിച്ച അൽത്താഫ് ചികിത്സയിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.
പ്രധാന പ്രതി മൊയ്തീന് ഷെബീര്‍ അലിയാണ് മുൻപും നിരവധി കേസുകളില്‍ പ്രതി ചേർക്കപ്പെട്ടത്. ആദ്യകാലത്ത് മാടുകളെ മോഷ്ടിച്ച് കശാപ്പു ചെയ്യുകയായിരുന്നു ഇയാളുടെ രീതി. പശുക്കടത്ത്, ലഹരിമരുന്ന് കടത്ത്, മാലമോഷണം അടക്കം പത്തിലധികം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്ന് കുമ്പള പോലീസ് പറയുന്നു. മംഗളൂരുവില്‍ താമസക്കാരനായ ഇയാള്‍ക്ക് അവിടെ ആട് ഫാം ഉണ്ടെന്നാണ് വിവരം.
അല്ത്താഫിന്റെഭാര്യയുടെ മുൻവിവാഹത്തിലെ മകളുമായി പ്രണയവിവാഹമായിരുന്നു ഷെബീറലിയുടേത്. വിവാഹസമയത്തും പ്രതിയുടെ പേരില്‍ കേസുകളുണ്ടായിരുന്നു. കല്യാണശേഷം പ്രതിയില്നിന്നുണ്ടായ ശല്യത്തെ തുടര്‍ന്ന് അല്‍ത്താഫിന്റെ ഭാര്യ ബന്ധം ഉപേക്ഷിച്ച് ഉപ്പളയിലെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഇരുവരും വീണ്ടും ഒന്നിച്ചു.
തുടര്‍ന്ന് പ്രതിയില്നിന്നുള്ള ശല്യം കൂടിയതിനെ തുടര്‍ന്നാണ് അല്‍ത്താഫ് ഞായറാഴ്ച മംഗളൂരുവിലെ ഇവരുടെ താമസസ്ഥലത്തെത്തി മകളെയും കുട്ടികളെയും കൂട്ടി വീട്ടിലെത്തുന്നത്. സ്ത്രീധനപീഡനം കാട്ടി ഭാര്യ കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെയും മക്കളെയും അന്വേഷിച്ച് പുല്കുത്തിയിലെ വീട്ടിലെത്തിയ പ്രതി കുട്ടിയെയും അല്‍ത്താഫിനെയും തട്ടികൊണ്ടുപോവുകയായിരുന്നു. തന്റെ സ്വര്‍ണം തിരിച്ചുകിട്ടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
രാത്രി കുട്ടിയെ പുൽകുത്തിയിലെ വീട്ടിലെത്തിച്ച പ്രതി പിന്നീട് അല്‍ത്താഫിന്റെ ചോരപുരണ്ട ഷര്‍ട്ടും വീട്ടുമുറ്റത്ത് ഉപേക്ഷിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അല്‍ത്താഫ്. ഞായറാഴ്ച അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയതിനുശേഷം തിങ്കളാഴ്ച ഇയാളെ ദേര്‍ളക്കട്ട ആസ്പത്രിയിയിലെത്തിച്ചതും ഷെബീറലിയായിരുന്നു. വഴിയരികില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളെന്ന വ്യാജേനയാണ് ഷെബീറലി അല്‍ത്താഫിനെ ആസ്പത്രിയിലെത്തിച്ചത്. ഷെബീറലിയെ കൂടാതെ അഞ്ചോളം പേര് സംഭവത്തില്‍ പങ്കാളിയായതായാണ് പോലീസിന് ലഭിച്ച സൂചന. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ തട്ടികൊണ്ടുപോകല്‍, കൊലക്കുറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.