കാസര്‍കോട്: വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് കുടുംബത്തിൽനിന്ന്‌ നൽകുന്ന സാധനങ്ങൾ ക്രയവിക്രയംചെയ്യുന്നതിന് സ്ത്രീകള്‍ക്കുമാത്രം അവകാശം നല്‍കുന്ന പ്രത്യേക നിയമം ഉണ്ടാകണമെന്ന്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും സ്വത്തുക്കളുടെ അവകാശത്തിനോ വസ്തുവകകളുടെ ക്രയവിക്രയത്തിനോ അധികാരം ലഭിക്കുന്നില്ല. അതിന്‌ മാറ്റമുണ്ടാകണം. 18 വയസ്സില്‍ വിവാഹിതയായ യുവതിയെ രണ്ട്‌ മക്കള്‍ ജനിച്ചശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന പരാതി കമ്മിഷന്‍ പരിഗണിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംചെയ്ത ഭര്‍ത്താവ് വിദേശത്ത് അവര്‍ക്കൊപ്പം ജീവിക്കുകയാണ്. ഇപ്പോള്‍ 30 വയസ്സുള്ള ഈ യുവതിയെ വിവാഹമോചനംപോലും ചെയ്യാതെയാണ് ഇയാള്‍ മറ്റൊരു വിവാഹത്തിന്‌ തയ്യാറായത്.

വിവാഹസമയത്ത് ഈ യുവതിക്ക്‌ വീട്ടുകാര്‍ ഒരുലക്ഷം രൂപയും 45 പവന്റെ സ്വര്‍ണവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇത് കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി പരിഗണിക്കവേയാണ്‌ ജോസഫൈന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയയത്. 45 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ലഭിച്ച യുവതി കാതില്‍ കമ്മല്‍പോലുമില്ലാതെ കരഞ്ഞുകൊണ്ടാണു കമ്മീഷനുമുന്നിലെത്തിയത്. സ്ത്രീകളുടെ സ്വത്തുക്കള്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെയോ അവരുടെ മാതാപിതാക്കളുടെയോ സ്വത്തില്‍നിന്ന്‌ കണ്ടുകെട്ടാന്‍ വ്യവസ്ഥയുണ്ട്. വിവാഹമോചനംപോലും അനുവദിക്കാതെ രണ്ടും മൂന്നും വിവാഹം കഴിക്കുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച്‌ കമ്മിഷന്‌ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇത്തരം പരാതികള്‍ ജില്ലയില്‍ കൂടൂതലാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ ജില്ലയില്‍ പരാതികള്‍ കുറവാണ്. മറ്റു ജില്ലകളില്‍ ഒരു സിറ്റിങ്ങില്‍ 80 മുതല്‍ 100 വരെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ഇവിടെ 40-50 പരാതികള്‍ മാത്രമാണ് ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് ചിലവുകുറഞ്ഞ രീതിയിലും വേഗത്തിലും നീതിലഭ്യമാക്കുന്ന അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണ് വനിതാ കമ്മിഷന്‍. കമ്മിഷനെക്കുറിച്ചും ഇതിന്റെ സേവനങ്ങളെ കുറിച്ചും പലര്‍ക്കും വ്യക്തമായ ധാരണ ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.

43 കേസുകള്‍ പരിഗണിച്ചു

വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു. ഏഴ്‌ പരാതികള്‍ തീര്‍പ്പാക്കി. ആറ്‌ പരാതികളില്‍ വിവിധ വകുപ്പുകളില്‍നിന്ന്‌ വിശദീകരണം തേടിയിട്ടുണ്ട്. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ ഡോക്ടറോട് മൊബൈല്‍ ഫോണിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീലം പറഞ്ഞ സഹപ്രവര്‍ത്തകനെതിരെ പോലീസ് എടുത്തിരിക്കുന്ന കേസ് ദുര്‍ബലമാണെന്നും 354 പ്രകാരം കേസ് എടുക്കുവാനും ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശംനല്‍കി. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ നിയമം ശക്തമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. അദാലത്തില്‍ കമ്മിഷന്‍ അംഗങ്ങളായ ഡോ. ഷാഹിദ കമാല്‍, ഇ.എം.രാധ, ഷിജി ശിവജി, ലീഗല്‍ പാനല്‍ അംങ്ങളായ എ.പി.ഉഷ, കെ.ജി.ബീന, വനിതാ പോലീസുകാരായ എസ്.ശാന്ത, ആതിര എന്നിവരും സംബന്ധിച്ചു.