കാസര്‍കോട്: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയുടെ സുഹൃത്തുക്കളായ പ്രതികളെ കോടതി മൂന്നുവര്‍ഷംവീതം കഠിനതടവിനും 10,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. ബേള ഉള്ളാടിയിലെ ചോമു (50), പെര്‍വാഡ് മളിയങ്കരയിലെ കെ.എം.സിദ്ദിഖ് (51) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2015 ഓഗസ്റ്റിലാണ് പെണ്‍കുട്ടി ചോമുവിനും സിദ്ദിഖിനുമെതിരെ ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയത്. തുടര്‍ന്ന് കുമ്പള പോലീസിലും പരാതി നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ചോമുവിനും സിദ്ദിഖിനുമെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

അമ്മയോടൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പെണ്‍കുട്ടിക്കുനേരേ പീഡനശ്രമമുണ്ടായത്. വീട്ടില്‍ ചോമുവും സിദ്ദിഖും നിത്യസന്ദര്‍ശകരായിരുന്നുവെന്നും ആറുമാസക്കാലത്തോളംതന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പൊതുമരാമത്ത് കരാറുകാരനായ സിദ്ദിഖിന്റെ കീഴില്‍ പെണ്‍കുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് സിദ്ദിഖ് അടുപ്പം സ്ഥാപിച്ചത്. ചോമു പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇടയ്ക്കിടെ താമസിച്ചു വരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.