കാസര്‍കോട്: ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത് സ്ഥാനമൊഴിയുന്ന എം.പി. പി.കരുണാകരന്‍ (എല്‍.ഡി.എഫ്.). തുടര്‍ച്ചയായി മൂന്ന് തവണകളായി 15 വര്‍ഷമാണ് ഇദ്ദേഹം കാസര്‍കോടിന്റെ പ്രതിനിധിയായി ലോക്‌സഭയിലെത്തിയത്. ഏറ്റവും കുറവ് കാലം കാസര്‍കോടിനെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസ് നേതാവായ ഐ.രാമ റൈ (യു.ഡി.എഫ്.) ആണ്. അഞ്ചുവര്‍ഷം മാത്രമാണ് അദ്ദേഹം മണ്ഡലത്തിനെ പ്രതിനിധീകരിച്ചത്. നിലവില്‍ എം.പി.മാരായവരില്‍ ഒറ്റ തവണ മാത്രം മണ്ഡലത്തിനെ പ്രതിനിധീകരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. എന്നാല്‍, ഏറ്റവും കൂടുതല്‍ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ.കെ.ജി.യും എം.രാമണ്ണ റൈയും ടി.ഗോവിന്ദനും പി.കരുണാകരനുമാണ്. മൂന്നു തവണകളായി എ.കെ.ഗോപാലന്‍ 14 വര്‍ഷവും എം.രാമണ്ണ റൈ 11 വര്‍ഷവും ടി.ഗോവിന്ദന്‍ എട്ട് വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ചു. രണ്ട് തവണകളായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഒന്‍പത് വര്‍ഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.