കാസര്‍കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി അസോസിയേഷന്‍ (എഫ്.എച്ച്.എസ്.ടി.എ.) ജില്ലാ കമ്മിറ്റി ഹയര്‍ സെക്കന്‍ഡറി രക്ഷായാത്ര നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു. എഫ്.എച്ച്.എസ്.ടി.എ. ജില്ലാ ചെയര്‍മാന്‍ ജിജി തോമസ് അധ്യക്ഷനായിരുന്നു.

അണ്‍ എയിഡഡ്, സി.ബി.എസ്.ഇ. സ്കൂളുകളുടെ കടന്നുകയറ്റത്തിനിടയിലും കേരളത്തിലെ പൊതു വിദ്യാലയങ്ങളെ സജീവമായി നിലനിര്‍ത്തുന്നത് ഹയര്‍സെക്കന്‍ഡറി മേഖലയാണ്. 1990-ല്‍ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി സംവിധാനം വിദ്യാര്‍ഥികേന്ദ്രീകൃതമായ ഉന്നത ഗുണമേന്മാ വിദ്യാഭ്യാസം നല്‍കി ഒരു ജൂനിയര്‍ കോളേജ് എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി. സിലബസ് അനുസരിച്ച് വ്യത്യസ്ത കോമ്പിനേഷനുകളിലായി അന്‍പതിലധികം വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പഠിപ്പിക്കുന്ന മേഖലയെ ഹൈസ്കൂളുമായി ലയിപ്പിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്ന് യാത്ര അഭിപ്രായപ്പെട്ടു.

അക്കാദമികമായ തകര്‍ച്ചയോടൊപ്പം കുട്ടികളുടെ പ്രായത്തിനനുസൃതമായി വേറിട്ടുനില്‍ക്കുന്ന നിലവിലെ രീതി പൊളിച്ചെഴുതുമ്പോള്‍ സ്കൂളിലെ സമാധാന അന്തരീക്ഷവും ഇല്ലാതാവും. ഏകീകരണം ലക്ഷ്യമിടുന്ന സിലബസ് ലഘൂകരണവും ദേശീയതലത്തില്‍ കേരളത്തിലെ കുട്ടികളെ പിന്നോട്ടുവലിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചവിട്ടുപടിയായ ഹയര്‍ സെക്കന്‍ഡറിയെ ഹൈസ്കൂള്‍ ക്ലാസുകളുമായി ചേര്‍ത്ത് തരംതാഴ്ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും നിലവിലുള്ള സേവന-വേതന വ്യവസ്ഥകളെയും അട്ടിമറിക്കുന്ന റിപ്പോര്‍ട്ടാണ് ഖാദര്‍ കമ്മിഷന്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണപക്ഷ സംഘടനകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഉയര്‍ത്തുന്ന ഏകീകരണ നീക്കം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും യാത്രയില്‍ ആവശ്യമുയര്‍ന്നു.

ലയനനീക്കം ഉപേക്ഷിച്ച് ഹയര്‍ സെക്കൻഡറി മേഖലയെ സ്വതന്ത്രമായി നിലനിര്‍ത്തി ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം വിദ്യാര്‍ഥി-യുവജന സാമൂഹിക സര്‍വീസ് സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ടൗണ്‍, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, നിലേശ്വരം, തൃക്കരിപ്പൂര്‍, ചിറ്റാരിക്കാല്‍ എന്നീ സ്ഥലങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി.

സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, പി.വി.രമേശ്, പി.ശശിധരന്‍, എന്‍.സദാശിവന്‍, ഇ.പി.ജോസ്‌കുട്ടി, മുഹമ്മദ് ഷെരീഫ്, വി.പി.പ്രിന്‍സ് മോന്‍ എന്നിവര്‍ സംസാരിച്ചു.