കാസര്‍കോട്: പി.എസ്.സി.യുടെ കാരുണ്യം പ്രതീക്ഷിച്ചിരിക്കുകയാണ് എച്ച്.എസ്.എസ്.ടി. മലയാളം ഉദ്യോഗാര്‍ഥികൾ. 2018 ജനുവരി 29-ന് നടന്ന പരീക്ഷയുടെ ചുരുക്കപ്പട്ടിക ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും തയ്യാറാകാത്തത് ഉദ്യോഗാര്‍ഥികളെ വലയ്ക്കുകയാണ്. ഹയർ സെക്കന്‍ഡറി, ഹൈസ്കൂള്‍ വ്യത്യാസമില്ലാതെ എല്ലാവിഭാഗങ്ങളും ലയിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ജോലി സ്വപ്നംകണ്ട് മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണ് പി.എസ്.സി.യുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിലവില്‍ പല ജൂനിയര്‍ തസ്തികകളിലും താത്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. പലരും പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍കഴിഞ്ഞ് എഴുതിയ പരീക്ഷകൂടിയാണിത്. കൂടാതെ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഈ പട്ടിക അവസാനത്തെ അവസരവുമാണ്. പി.എസ്.സി. ധൃതിപ്പെട്ട് നടത്തിയ ഈ പരീക്ഷയുടെ പട്ടിക അനന്തമായി നീളുന്നത് ഉദ്യോഗാര്‍ഥികളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നാണ് ഫലംകാത്തിരിക്കുന്നവര്‍ പരാതിപ്പെടുന്നത്.

കാത്തിരുന്ന വിജ്ഞാപനം...

2010-ല്‍ എച്ച്.എസ്.എസ്.ടി. മലയാളം പരീക്ഷാ വിജ്ഞാപനം നടത്തിയതിനുശേഷം ഏഴുവര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമായിരുന്നു 2017 ഒക്ടോബറിലെ വിജ്ഞാപനം. 2017 ജൂലായില്‍ പഴയ റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്നതോടെയാണ് പുതിയ വിജ്ഞാപനം പി.എസ്.സി. പ്രഖ്യാപിച്ചത്. 2018 ജൂണില്‍ നിയമനംനടത്തുമെന്ന്‌ പറഞ്ഞായിരുന്നു വിജ്ഞാപനം. അതിനാല്‍ തിരക്കിട്ട് നാലുമാസംകൊണ്ട് പരീക്ഷ നടത്തി. എങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. ഡിസംബറില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന അറിയിപ്പ് ഉണ്ടായിരുന്നു. അതുചെയ്ത് ഒരുമാസം കഴിഞ്ഞിട്ടും തുടര്‍നടപടിയുണ്ടായില്ല. ഇതിനുമുന്‍പ് നടന്ന ഒട്ടേറെ പരീക്ഷകളുടെ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കാത്തിരിക്കാനുമാണ് പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന മറുപടിയെന്ന്‌ ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പി.എസ്.സി. തുടരുന്ന മെല്ലെപ്പോക്കിനെതിരേ ശക്തമായി പ്രതികരിക്കാനും സമരപരിപാടികളോടെ മുന്നോട്ടുപോകാനുമാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.