കാസർകോട്: ശബരിമല പ്രശ്നത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി വാങ്ങുകയായിരുന്നുവെന്ന് ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ജെ.നന്ദകുമാർ ആരോപിച്ചു. സമന്വയത്തിന്റെ കേന്ദ്രമായ ശബരിമലയെ പിണറായി സർക്കാർ തടവറയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആയിരങ്ങൾ അണിനിരന്ന ഹിന്ദു സമാജോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ മൂലമന്ത്രംതന്നെ ‘സംഘടിച്ച് വരണം, കൂട്ടമായി വരണ’മെന്നാണ്. പിണറായി സർക്കാർ പറയുന്നത് കൂട്ടമായി വന്നാൽ ജയിലിലിടുമെന്നാണ്.

ഭാരതത്തിന്റെ ആത്മാവാണ് ഹിന്ദുസമൂഹം. പ്രത്യയശാസ്ത്രപരമായും മതപരമായും ചിലർ ശ്രമിക്കുന്നത് ഭാരതത്തെ തകർക്കാനാണ്. നവോത്ഥാനമതിൽ എന്ന പേരിൽ നടക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. അതിൽ പങ്കെടുക്കുന്നത് പാപമാണ്. വർഗീയതയുടെ മതിലാണത്. മനസ്സുകൊണ്ടുപോലും അതിൽ പങ്കാളിയാകരുത്. മാർക്സ് ജനിക്കുംമുൻപേ കേരളത്തിൽ നവോത്ഥാനം തുടങ്ങിയിട്ടുണ്ട്. 500 വർഷം മുൻപേ തുഞ്ചത്തെഴുത്തച്ഛൻ രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. എന്നിരിക്കെ തങ്ങളാണ് കേരളത്തിൽ നവോത്ഥാനം തുടങ്ങിയതെന്ന് കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

50,000 പോലീസും സർക്കാർ സംവിധാനം മുഴുവനും ഉണ്ടായിട്ടും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരിന് കഴിയാത്തത് അയ്യപ്പന്റെ ശക്തികൊണ്ടാണെന്ന് ആർ.എസ്.എസ്. പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി അഭിപ്രായപ്പെട്ടു.

അയോധ്യയിൽ ഹിന്ദുക്കളെയും മുസ്‌ലിംങ്ങളെയും തമ്മിലകറ്റുന്നത് കമ്യൂണിസ്റ്റുകാരായ ചരിത്രകാരന്മാരാണെന്ന് മുസ്‌ലിം പണ്ഡിതർതന്നെ പറയുന്നു. 26-ന് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള അയ്യപ്പജ്യോതിയിൽ കുടുംബസമേതം പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഭഗവദ്‌ഗീത ദേശീയ ഗ്രന്ഥമാക്കണമെന്നും സർവകലാശാലകളിൽ പാഠ്യവിഷയമാക്കണമെന്നും അധ്യക്ഷതവഹിച്ച ചിന്മയ മിഷൻ കേരള മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി ആവശ്യപ്പെട്ടു.

ആർ.എസ്.എസ്. മംഗളൂരു വിഭാഗ് കാര്യവാഹ് ന.സീതാരാമ, സംഘാടക സമതി ചെയർമാൻ കെ.ശശിധര, കരുണാകരൻ നമ്പ്യാർ എന്നിവരും സംസാരിച്ചു. യോഗാനന്ദ സരസ്വതി, ബോധചൈതന്യ സ്വാമി, പ്രേമാനന്ദ സ്വാമി, ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ഠാർ, വിഷ്ണു പ്രകാശ തന്ത്രി കാവുമഠം തുടങ്ങിയവരും സംബന്ധിച്ചു.

അണങ്കൂരിൽനിന്നും ബി.സി. റോഡിൽനിന്നും ആരംഭിച്ച കുങ്കുമ പതാകയേന്തിയ ശോഭായാത്ര വിദ്യാനഗർ ജങ്‌ഷനിൽ സംഗമിച്ചാണ് പൊതുസമ്മേളന വേദിയായ മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് നീങ്ങിയത്.