കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരമുഖത്തേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹവും നിയമസഭാമാർച്ചും നടത്തുമെന്ന് മുന്നണി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടംകുളം ആണവവിരുദ്ധ സമരസമിതി നേതാവ് എസ്.പി.ഉദയകുമാർ പങ്കെടുക്കും. സമരമല്ലാതെ മറ്റു മാർഗമില്ലെന്ന് മുന്നണിനേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും സാമൂഹികപ്രവർത്തക ദയാബായിയും പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ വിഷയം മറക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇരകൾക്കുവേണ്ടി വീറോടെ വാദിച്ചിരുന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഇപ്പോൾ മലക്കംമറിഞ്ഞു. പൊതുസമൂഹവും വിഷയം ഏതാണ്ട് മറന്ന മട്ടാണ്. പുനരധിവാസത്തിന് കേന്ദ്രം നൽകേണ്ട 400 കോടിയിലേറെ രൂപ തന്നിട്ടില്ല. ജനുവരി 26 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

ആവശ്യങ്ങൾ

1. കഴിഞ്ഞ കൊല്ലം മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേർ അടക്കം മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സഹായവും നൽകുക. 2011-ൽ 1318 പേരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും 610 പേർക്ക് ഒരു സഹായവും ലഭിച്ചില്ല. 2. കഴിഞ്ഞവർഷം ജനവരി 17-ന് സുപ്രീംകോടതി മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപ വീതം മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. 6212 പേർക്ക് സഹായം കിട്ടേണ്ടതാണ്. മരിച്ചവരെ കൂടാതെ ഇതുവരെ 1350 പേർക്ക് അഞ്ചുലക്ഷവും 1315 പേർക്ക് മൂന്നുലക്ഷവും ലഭിച്ചു. ആകെ 2665 പേർ. 3547 പേർക്ക് സഹായമൊന്നും കിട്ടിയില്ല. നാളിതുവരെയായിട്ട് ഒരു ന്യൂറോളജിസ്റ്റിനെപ്പോലും ജില്ലയിൽ നിയമിച്ചിട്ടില്ല. 3.ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഇപ്പോഴും ജപ്തിനോട്ടീസുകൾ വരുന്നു. 4.ബഡ്‌സ് സ്കൂൾ നിർമാണത്തിന് അഞ്ചുവർഷം മുമ്പ് നബാർഡ് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും പെരിയ മഹാത്മ ബഡ്‌സ് സ്കൂൾ മാത്രമാണ് ആധുനികസൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങിയത്. ചിലേടത്ത് കെട്ടിടം തയ്യാറായെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി വെറുതെ കിടക്കുന്നു. 5. ദുരന്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ട്രിബ്യൂണൽ ഇനിയും നിയമിക്കപ്പെട്ടില്ല. 6.നേരത്തേ മുഴുവൻ ദുരിതബാധിതർക്കും ബി.പി.എൽ. കാർഡും സൗജന്യ റേഷനും നൽകിയിരുന്നു. ഈ ആനുകൂല്യം ഇപ്പോഴില്ല. 7. 18 വർഷം മുമ്പ് നിരോധിക്കപ്പെടുന്ന കാലത്ത് ഗോഡൗണുകളിൽ കെട്ടിക്കിടന്നിരുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാമെന്ന് 2014-ൽ നൽകിയ ഉറപ്പ് പാലിച്ചില്ല. കാറഡുക്കയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിലെ കിണറ്റിൽ മൂടിയതും തിരിച്ചെടുത്ത് നിർവീര്യമാക്കിയില്ല. 8. സാന്ത്വനസഹായം 2000-ൽ പ്രഖ്യാപിച്ചത് 2000 രൂപയായിരുന്നു. 2014-ൽ 2200 രൂപയാക്കി. ഇത് തികച്ചും അപര്യാപ്തമാണ്. 5000 രൂപയെങ്കിലും ആക്കണം. 9. ദുരിതബാധിതരുടെ കുടുംബാംഗത്തിന് ജോലി നൽകണമെന്ന നിയമസഭാ സമിതിയുടെ നിർദേശം നടപ്പാക്കണം.

പത്രസമ്മേളനത്തിൽ മുനീസ അമ്പലത്തറ, കെ.ചന്ദ്രാവതി, അബ്ദുൾഖാദർ ചട്ടഞ്ചാൽ, പി.ഷൈനി, സമീറ എന്നിവരും പങ്കെടുത്തു.