കാസർകോട്: ജില്ലാ ശുചിത്വമിഷൻ നടത്തുന്ന ഇ-വേസ്റ്റ് നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തവണ ജില്ലയിൽനിന്ന് സംസ്കരിക്കാനയച്ചത് 3926 കിലോഗ്രാം ഇ-വേസ്റ്റ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായ നിരവധി മൂലകങ്ങളടങ്ങിയ ഇലക്‌ട്രോണിക് മാലിന്യം ഫലപ്രദമായി സംസ്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കളക്ടറേറ്റ് എന്നിവടങ്ങളിലെ ഇ-മാലിന്യം ശേഖരിച്ചത്.

രണ്ടുവർഷത്തിനിടെ ജില്ലയിൽ മൂന്നാംതവണയാണ് ഇലക്‌ട്രോണിക് മാലിന്യം സമാഹരിച്ചത്. പദ്ധതിയിൽ സഹകരിച്ച പഞ്ചായത്തുകളും നഗരസഭകളും ഉപയോഗശൂന്യമായ കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും ശേഖരണകേന്ദ്രമായ കളക്ടറേറ്റിൽ എത്തിക്കുകയും ഇവയെ പിന്നീട് മാലിന്യസംസ്കരണ ഏജൻസിയായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറുകയുംചെയ്തു.

കളക്ടറേറ്റ് പരിസരത്തുനിന്ന് ഇ-വേസ്റ്റുമായി ഹൈദരാബാദിലെ സംസ്കരണ കേന്ദ്രത്തിലേക്ക് പുറപ്പെട്ട ക്ലീൻ കേരള കമ്പനിയുടെ വാഹനം ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ സി.രാധാകൃഷ്ണൻ, അസി. ഡെവലപ്‌മെന്റ് കമ്മിഷണർ (ജനറൽ) ബെവിൻ ജോൺ, അസി. ഡെവലപ്‌മെന്റ് കമ്മിഷണർ (പി.എ.) എൻ.ഹരിലാൽ, പ്രോഗ്രാം ഓഫീസർ കെ.വി.രഞ്ജിത്ത്, ക്ലീൻ കേരള കമ്പനി ജില്ലാ കോ ഓർഡിനേറ്റർ മിഥുൻ എന്നിവർ സംബന്ധിച്ചു.