കാസർകോട്: ഒളിഞ്ഞുകിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സയ്ക്ക്‌ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു.

കാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസന്ദർശന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ വീട് സന്ദർശിച്ച് ഉദ്ഘാടനംചെയ്തു.

അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും പരിശോധിച്ചശേഷം കുഷ്ഠരോഗത്തെക്കുറിച്ചും രോഗം വന്നാൽ ചികിത്സിച്ചുമാറ്റുന്നതിനെക്കുറിച്ചും അസി. ലെപ്രസി ഓഫീസർ ഷാജികുമാർ വിശദീകരിച്ചു.

ആരോഗ്യവകുപ്പിന്റെ ഈ ദൗത്യത്തിൽ ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. ശരീരത്തിൽ സംശയകരമായ പാടുകളോ തടിപ്പുകളോ എന്തെങ്കിലും കണ്ടെത്തിയാൽ വീട്ടിലെത്തുന്ന ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശാപ്രവർത്തകയും പരിശീലനം ലഭിച്ച വോളന്റിയറും ചേർന്നാണ്‌ പരിശോധനകൾ നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ പത്മജ, വാർഡ് മെമ്പർ തഹസീറ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി സുധീന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണൻ മുട്ടത്ത്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അരുൺലാൽ, ജെ.പി.എച്ച്.എൻ. റജില തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 18നകം ജില്ലയിലെ എല്ലാ വീടുകളിലുമെത്തി പരിശോധന നടത്തും. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ മുഖേന വീടുകളിൽ സന്ദർശിച്ച്‌ കുഷ്ഠരോഗ സംബന്ധമായ ത്വക് പരിശോധനയാണ്‌ നടത്തുന്നത്. രാവിലെയും വൈകിട്ടുമാകും പരിശോധന.

രോഗം കണ്ടെത്തുന്നവർക്ക് ആവശ്യമായ ചികിത്സ എല്ലാ സർക്കാർ ആസ്പത്രികളിലും ലഭ്യമാക്കും. ആറുമാസം തുടർച്ചായി മരുന്ന് കഴിച്ചാൽ രോഗം പൂർണമായും മാറ്റാൻ കഴിയും. രണ്ടു വയസ്സിന്‌ മുകളിലുള്ള എല്ലാവരുടെയും ശരീര പരിശോധന നടത്തുകയും തൊലിപ്പുറത്ത് സ്പർശനശേഷി കുറഞ്ഞ്‌ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം എന്നിവയുണ്ടോ എന്ന്‌ കണ്ടുപിടിക്കുകയും ചെയ്യും.

കുഷ്ഠരോഗം ആരംഭത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ രോഗംമൂലമുള്ള അംഗവൈകല്യം വരുന്നതു തടയുവാൻ കഴിയും. അതേസമയം ഏതുഘട്ടത്തിൽ കണ്ടുപിടിച്ചാലും രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനാകും.