കാസർകോട്:: കാസർകോട് നഗരത്തെ ശ്വാസംമുട്ടിച്ച് മാലിന്യത്തിന് തീയിടുന്നത് തുടരുന്നു. കാസർകോടിന്റെ ഹൃദയഭാഗങ്ങളിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്. ഇതിന് പകലെന്നോ രാത്രിയെന്നോ ഇല്ല. പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യത്തിൽനിന്ന്‌ ഉയരുന്ന വിഷപ്പുകയിൽ നഗരം മുങ്ങിപ്പോകുന്നു.

ശുചിത്വമിഷൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.

കാസർകോട് നയക്സ് റോഡ് പരിസരത്ത് മാലിന്യം കത്തിച്ചുള്ള പുക തലവേദന സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബാങ്ക് റോഡിനെയും എം.ജി. റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന വഴിയിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുകയും തീയിടുകയും ചെയ്യുന്നു.

പുതിയബസ്‌സ്റ്റാൻഡ്‌ പരിസരത്തും താലൂക്ക് ഓഫീസ് പരിസരത്തും നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലുമൊക്കെ ഇതാണ് അവസ്ഥ.

കാസർകോട് നഗരസഭയ്ക്ക് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലാത്ത മട്ടിലാണ് പോക്ക്. ശാസ്ത്രീയമായി മാലിന്യനിർമാർജനം നടത്താൻ സ്വന്തമായി സ്ഥലമില്ലെന്ന ‘പഴഞ്ചൊല്ല്’ ഇവർ എല്ലാ കൊല്ലവും പറഞ്ഞുനടക്കുന്നു. അതിനൊരു പോംവഴി ഉണ്ടാകുന്നുമില്ല.

മാലിന്യം കത്തിക്കുന്നത് കണ്ടാൽ അറിയിക്കാം

മാലന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കണ്ടാൽ ഇനി നോക്കിയിരിക്കണ്ട. നമ്മളെന്തിന് മാലിന്യപ്പുക ശ്വസിച്ച് രോഗിയാവണം. വായുമലിനീകരണത്തിന് കാരണമാകുന്ന മാലിന്യം കത്തിക്കുന്നതിനെതിരേ കർശന നിയമം നിലവിലുണ്ട്. ഐ.പി.സി., സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് രാജ് നിയമം തുടങ്ങിയവപ്രകാരം 5000 രൂപ മുതൽ 25,000 വരെ പിഴയീടാക്കാവുന്ന കുറ്റമാണ്. പ്ലാസ്റ്റിക്, റബ്ബർ മാലിന്യമാണ് കത്തിക്കുന്നതെങ്കിൽ പോലീസ് കേസുമാവും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും പൊതുപ്രവർത്തകരിലും പൊതുജനങ്ങൾക്ക് പരാതി നൽകാം. ജില്ലാഭരണകൂടം പരാതിയറിയിക്കാനായി വാട്‌സാപ്പ് മെസേജിങ് സംവിധാനവും നേരത്തേതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതുകണ്ടാൽ ഫോട്ടോയൊ വീഡിയോയൊ എടുത്ത് 8547931565 എന്ന നമ്പറിലേക്ക് അയക്കാം. അറിയിക്കുമ്പോൾ പേരുവിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ അറിയിക്കുന്നവർക്ക് പാരിതോഷികവും ഏർപ്പെടുത്തിയിട്ടുണ്ട്.