കാസർകോട്: അപ്രതീക്ഷിത ഹർത്താൽ അയ്യപ്പഭക്തരെയും സാധാരണക്കാരെയും ഒരുപോലെ വലച്ചു. കള്ളാറിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി. കറന്തക്കാട്ട് ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രകടനം നടത്തിയ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ബോർഡുകൾ കുത്തിക്കീറി. ജില്ലയിൽ പത്തിലേറെ കേന്ദ്രങ്ങളിൽ പ്രകടനം ഉണ്ടായി.

സർക്കാർ ഓഫീസുകൾ ഭാഗികമായി മാത്രം പ്രവർത്തിച്ചു. പല ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. സി.പി.എം. കേന്ദ്രമായ കാലിക്കടവിൽ കടകൾ പതിവുപോലെ തുറന്നെങ്കിലും വാഹനങ്ങൾ കുറവായതിനാൽ വ്യാപരം കുറഞ്ഞു. ചെറുവത്തൂരിൽ കടകൾ അടഞ്ഞുകിടന്നു. മറ്റ് മിക്കവാറും കേന്ദ്രങ്ങളിൽ കടകൾ തുറന്നില്ല. .

174 പേർ ജോലി ചെയ്യുന്ന കളക്ടറേറ്റ് റവന്യൂ വിഭാഗത്തിൽ 48 ശതമാനം പേർ ജോലിക്ക് ഹാജരായെന്ന അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.ദേവീദാസ് അറിയിച്ചു. തീവണ്ടിയിൽ കാസർ‌കോട്ട് എത്തിയ ജീവനക്കാരെ പോലീസ് വാഹനത്തിൽ വിദ്യാനഗർ സിവിൽ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. 975-ഓളം പേർ ജോലിചെയ്യുന്ന സിവിൽ സ്റ്റേഷനിൽ മിക്ക വകുപ്പുകളിലും ജില്ലാ മേധാവികൾ എത്തിയെങ്കിലും ജീവനക്കാർ കുറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ 39796 രൂപയ്ക്ക് 441 ടിക്കറ്റുകൾ വിറ്റു. വരുമാനം മുൻ ദിവസങ്ങളിലേതിന് ഏതാണ്ട് തുല്യമാണെങ്കിലും ടിക്കറ്റുകൾ കൂടി. ദീർഘദൂരയാത്രക്കാർ കുറഞ്ഞെങ്കിലും ബസ്സില്ലാത്തതിനാൽ ഹ്രസ്വദൂര യാത്രക്കാർ കൂടിയതാണ് കാരണമെന്ന് റെയിൽവേ സ്റ്റേഷൻ അധികൃതർ അറിയിച്ചു.

ഹർത്താൽ അറിയാതെ നാല്‌ കെ.എസ്.ആർ.ടി.സി. ബസ്സുകൾ കാസർകോട് ഡിപ്പോയിൽനിന്ന് പുറപ്പെട്ടു. ഇതിൽ തൃശ്ശൂരിലേക്ക് പോയ ബസ് പയ്യന്നൂരിൽ പിടിച്ചിട്ടു. മംഗളൂരിവിലേക്കുള്ള രണ്ടെണ്ണം അവിടെയും ഒന്ന് കാഞ്ഞങ്ങാട്ടും ഓട്ടം അവസാനിപ്പിച്ചു. തെക്കുഭാഗത്തുനിന്ന് രാവിലെ ഏഴുമണിയോടെ മംഗളൂരു ഭാഗത്തേക്ക് പോകുന്ന രണ്ട് സ്കാനിയ ബസും ഒരു സൂപ്പർ ഡീലക്സും കാസർകോട് ഡിപ്പോയിലെത്തി. പോലീസ് സംരക്ഷണത്തോടെ ഇവയെ തലപ്പാടിയിൽ ജില്ലാ അതിർത്തി കടത്തിവിട്ടു. കാസർകോട് ഡിപ്പോയിൽ 44 ബസ്സുകൾ സർവീസ് മുടങ്ങി. കർണാടക ആർ.ടി.സി. ബസ്സുകളും ഓടിയില്ല. കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് കൊന്നക്കാട്ടേക്ക് പോയ ബസ് മാവുങ്കാലിൽ തടഞ്ഞു. കോട്ടയത്തുനിന്ന് 50 പേരുമായി വന്ന ബസ് പോലീസ് അകമ്പടിയോടെ പാണത്തൂരെത്തി. മാനന്തവാടിയിൽനിന്ന് വന്ന ബസ് പയ്യന്നൂരിൽ തടഞ്ഞിട്ടു. 56 ബസ്സുള്ള കാഞ്ഞങ്ങാട് ഡിപ്പോയിൽ മറ്റു ബസ്സുകൾക്കൊന്നും സർവീസ് നടത്താനായില്ല.

മറുനാടൻ തൊഴിലാളികളാണ് വലഞ്ഞുപോയ മറ്റൊരു വിഭാഗം. ഹർത്താൽ വിവരമറിയാതെ ടൗണുകളിലെത്തിയ അവർ ആരും ജോലിക്ക് വിളിക്കാനില്ലാതെ മടങ്ങേണ്ടിവന്നു. മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കുമ്പള, നീലേശ്വരം തുടങ്ങിയ കേന്ദ്രങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. കാസർകോട്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാർ, പി.രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.