കാസര്‍കോട്: പ്രാര്‍ഥനാപുണ്യം തേടി വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകിയെത്തി. ജില്ലയിലെ വിവിധ പള്ളികളിലായി ഒട്ടേറെപ്പേരാണ് വെള്ളിയാഴ്ച ജുമുഅയ്കായി എത്തിയത്.

ചരിത്രപ്രധ്യാന്യമുള്ള തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനുമായി സൃഷ്ടാവിലേക്ക് ഇരുകരങ്ങളും ഉയര്‍ത്തി വിശ്വാസികൾ മനസ്സുരുകി പ്രാര്‍ഥിച്ചു.

പവിത്രമായ ലൈലത്തുല്‍ ഖദര്‍ എന്ന പുണ്യരാവിനെ പ്രതീക്ഷിക്കുന്ന അവസാന പത്തില്‍ രാപകല്‍ ഭേദമില്ലാതെ പള്ളികളും വീടുകളും പ്രാര്‍ഥനകളാല്‍ നിറയും. രാത്രി പ്രാര്‍ഥനയുടെ ഭാഗമായി മിക്ക പള്ളികളിലും നോമ്പ് തുറക്കാനും അത്താഴത്തിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പലയിടത്തും ജുമുഅ നമസ്കരിക്കാനെത്തിയവരുടെ നിര പുറത്തേക്ക് നീണ്ടു. റംസാനില്‍ സ്ഫുടംചെയ്തെടുത്ത ഹൃദയം പാപക്കറപുരളാതെ കാത്തുസൂക്ഷിക്കാൻ മിക്ക പള്ളികളിലും ഖത്തീബുമാര്‍ ആഹ്വാനംചെയ്തു.