കാസർകോട്: ‘എന്റെ മകന് നീതി കൊടുക്കണേ സാറേ... അവനൊരു തെറ്റും ചെയ്തിട്ടില്ല.’ കഴിഞ്ഞദിവസം പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട കൃപേഷിന്റെ അച്ഛൻ വാവിട്ടുകരഞ്ഞു. രംഗം കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു.

ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയും നേതാക്കളും പെരിയ കല്യോട്ട് എത്തിച്ചേർന്നത്. ആദ്യംതന്നെ കൃപേഷും ശരത്‌ലാലും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പുഷ്പാർച്ച നടത്തി. തുടർന്ന് കൃപേഷിന്റെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി അച്ഛൻ പി.വി.കൃഷ്ണനെയും അമ്മയെയും ആശ്വസിപ്പിച്ചു. തന്റെ മക്കളുടെ മരണത്തിന് കാരണമായവരെ പിടികൂടണമേയെന്ന് ആ മാതാപിതാക്കൾ നിലവിളിച്ചുപറഞ്ഞു.

തുടർന്ന് ശരത്‌ലാലിന്റെ വീട്ടിലെത്തിയപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. ശരത്‌ലാലിന്റെ അനുജത്തിയുടെ കരഞ്ഞുകൊണ്ടുള്ള നിലവിളി ഏവരുടെയും കരളലിയിച്ചു. ശരത്‌ലാലിന്റെ അച്ഛനെയും അമ്മയെയും കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയോടൊപ്പം മകൻ ചാണ്ടി ഉമ്മൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ.നീലകണ്ഠൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ തുടങ്ങിയർ വീട്ടിലെത്തി.

യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള സംഘവും ഉമ്മൻ ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി.കബീർ, കെ.ഇ.എ. ബക്കർ, നാസർ ചായിന്റടി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

ആശ്വാസവാക്കുകളുമായി ബിഷപ്പ് ജോസഫ് പാംബ്ലാനി

pamblani

കാസർകോട്: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടിൽ ആശ്വാസവാക്കുകളുമായി തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ. ജോസഫ് പാംബ്ലാനിയെത്തി. ബുധനാഴ്ച രാവിലെ ഇരുവരുടെയും വീടുകളിലെത്തിയ അദ്ദേഹം കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഷപ്പിനോടൊപ്പം ടി.എസ്.എസ്.എസ്. ഡയറക്ടർ ഫാ. തോമസ് തയ്യിൽ, ഫാ. മാത്യു ആശാരിപ്പറമ്പിൽ, ഫാ. ജോസഫ് വേങ്ങക്കുന്നേൽ, ഫാ. സെബാൻ ഇടയാടി, ഫാ. ഡയസ് തുരുത്തിപ്പള്ളി എന്നിവർ സന്ദർശിച്ചു.

content highlights: kasargod double murder, oommen chandey