കാപ്പിൽ: കഴിഞ്ഞ ജൂലായിൽ മാലിന്യംകൂടി ആയിരക്കണക്കിന് മീനുകൾ ചത്തൊടുങ്ങിയ ഉദുമ പഞ്ചായത്തിലെ കാപ്പിൽ തോട് ഇപ്പോൾ ക്ലീൻ. ആരും ഇടപെട്ടതല്ല, മഴക്കാലത്ത് പ്രകൃതിതന്നെ ശുദ്ധീകരിച്ചതാണ്. തെളിനീരൊഴുകുന്ന തോട്ടിലൂടെ ഇപ്പോൾ വിനോദസഞ്ചാരികൾ ബോട്ടുയാത്ര നടത്തന്നു. ഈ ശുദ്ധി നിലനിർത്താൻകഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ബാക്കി.

“ചെളിനീക്കി അരികിൽ കണ്ടൽക്കാട് വെച്ചുപടിപ്പിക്കാനുള്ള 1.1 ലക്ഷം രൂപയുടെ പദ്ധതി പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 500 ചതുരശ്രമീറ്റർ തോടരിക് ഭൂവസ്ത്രം അണിയിക്കാനും പദ്ധതിയുണ്ട്‌. പക്ഷെ, സാങ്കേതികത്വത്തിൽ കുരുങ്ങിക്കിടക്കുകയാണ്’’ -പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി പറയുന്നു. തോട്ടിൽനിന്ന് ചെളി കോരിനീക്കുന്നത് മീനുകളുടെയും മറ്റ് ജലജീവികളുടെയും ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് വാദമുയരുന്നതിനാൽ അതിന്‌ കഴിയുന്നില്ല. അരികിൽ ഭൂവസ്ത്രം ഇടണമെങ്കിൽ ആദ്യം തോട് റീസർവേ നടത്തി കൈയേറ്റംനടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് റവന്യൂ വകുപ്പും. സർവേ എപ്പോൾ തുടങ്ങാനാകുമെന്ന് തിരക്കുമ്പോൾ ആളില്ലെന്നാണ് അവരുടെ മറുപടി. ഭൂവസ്ത്രത്തിന് അഞ്ചുലക്ഷം രൂപയുടെ പ്രോജക്ടാണ് ഉദ്ദേശിക്കുന്നത്. അത് അപര്യാപ്തമാണെന്ന പ്രശ്നവുമുണ്ട് -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശുദ്ധജലത്തിൽ ശ്വാസംകിട്ടാതെ മീനുകൾ ചത്തുപൊങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മീൻകുഞ്ഞുങ്ങൾ തുള്ളിക്കളിക്കുന്നത് കാണാം. രാസമാലിന്യം അടിഞ്ഞ് പത പൊങ്ങിയിരുന്ന, അഴിയോട് ചേരുന്ന സ്ഥലത്ത് അടിവരെ കണ്ണെത്തുന്ന തെളിനീരും. പൊഴി ഇപ്പോൾ കടലിലേക്ക് തുറന്നിട്ടില്ല. വെള്ളം കെട്ടിക്കിടക്കുകയാണ്. എന്നിട്ടും തെളനീരായി കിടക്കുന്നു. ഈ കാഴ്ചകൾ കാണാൻകൂടിയാണ് സഞ്ചാരികൾ എത്തുന്നത്. പക്ഷെ, മൂന്നുമാസത്തിനകം വീണ്ടും മഴ തുടങ്ങുമെന്നിരിക്കെ തോട് വീണ്ടും മലിനമാകുമോ എന്ന ഭീതി ഉയരുന്നു.

മഴപെയ്യുമ്പോൾ സമീപത്തെ മാലിന്യമെല്ലാം തോട്ടിലേക്ക് എത്തിയാണ് ജലജീവികൾക്ക് ആവാസയോഗ്യമല്ലാതാകുന്നത്. ചന്ദ്രഗിരി റോഡിൽ ഉദുമ പഞ്ചായത്ത് ഓഫീസിനടുത്തുനിന്ന് കാപ്പിൽ ബീച്ചിലേക്ക് പാലമുണ്ട്. ഇതുവഴി വാഹനത്തിൽ പോകുന്നവർ മാലിന്യം തള്ളുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഇവിടെയും മറ്റ് നിശ്ചിത സ്ഥാനങ്ങളിലും സി.സി.ടി.വി. ക്യാമറ വെയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും വെച്ചിട്ടില്ല.

ജൂലായിൽ മീനുകൾ ചത്തുപൊങ്ങിയപ്പോൾ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ തോട് വൻതോതിൽ മലിനപ്പെട്ടതായി കണ്ടെത്തിയിരുന്നു. കലക്കം, പി.എച്ച്. മൂല്യം, ഖരപദാർഥങ്ങളുടെ സാന്നിധ്യം, ഗാഢത, വിവിധ ലവണങ്ങളുടെ സാന്നിധ്യം തുടങ്ങിയവ എല്ലാം അനുവദനീയമായതിന്റെ പലമടങ്ങ് കൂടുതലോ കുറവോ ആയിരുന്നു ഇവിടുത്തെ വെള്ളത്തിൽ.