പുല്ലൂർ: വിദ്യാർഥികളുടെയും ജീവനക്കാരുടെയും അധ്വാനം പാഴായില്ല. പുല്ലൂർ ഗവ. ഐ.ടി.ഐ.യുടെ പാറക്കെട്ടുകൾ നിറഞ്ഞ തരിശുഭൂമി ഇന്ന് പച്ചപ്പിന്റെ ഹരിത കാമ്പസായി മാറി. 2019 നവംബർ ഒന്നിനാണ് പുല്ലുർ ഗവ. ഐ.ടി.ഐ. ഉദയനഗറിലെ പുതിയകെട്ടിടത്തിലേക്ക് മാറിയത്. വിസ്തൃതമായ സ്ഥലസൗകര്യമുള്ള ഗവ. ഐ.ടി.ഐ.യിൽ ഹരിത കേരള മിഷന്റെ സഹകരണത്തോടെ ഹരിത കാമ്പസ് പദ്ധതി അനുവദിക്കാൻ വ്യാവസായിക പരിശീലന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ പുല്ലുർ ഐ.ടി.ഐ. മാതൃകാ കാമ്പസാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നാലേമുക്കാൽ ലക്ഷം രൂപയും അനുവദിച്ചു. പാറപ്പുല്ലുകൾമാത്രം നിറഞ്ഞ പ്രദേശത്ത് ആറുമാസംമുമ്പാണ് ഹരിത കാമ്പസാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പാറക്കെട്ടുകൾ നീക്കി മണ്ണ് നിരത്തിയും ജലസേചന സൗകര്യമൊരുക്കിയും ഇവിടെ പച്ചപ്പ് ഒരുക്കാൻ വിവിധ മാർഗങ്ങളാണ് സ്വീകരിച്ചത്.

ഇരുപത് സെന്റ് മണ്ണ് നിറഞ്ഞ സ്ഥലം പച്ചത്തുരുത്തായി തിരഞ്ഞെടുത്ത് ഇവിടെ മാവ്, പ്ലാവ്, ജാതി, പേര, മഹാഗണി തുടങ്ങി മുന്നൂറോളം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. ചുറ്റും ജൈവവേലിയും ഒരുക്കിയിരുന്നു. പെരിയ കൃഷിഭവന്റെ സഹകരണത്തോടെ കെട്ടിടത്തിന് മുകളിൽ ഗ്രോബാഗ് പച്ചക്കറിക്കൃഷിയും തുടങ്ങി. ഐ.ടി.ഐ. കെട്ടിടത്തിന്റെ മുൻഭാഗത്തും പിറകിലും പച്ചക്കറിക്കൃഷിയും നടത്തി. പയർ, വെണ്ട, വഴുതിന, വയല, ചീര, കോളിഫ്ലവർ, കക്കരി, പാവൽ തുടങ്ങിയവയെല്ലാം കൃഷിചെയ്തു.

ചാണകവളവും മറ്റ് ജൈവവളങ്ങളും നൽകിയാണ് പരിചരിച്ചത്. വിദ്യാർഥികൾ ഊഴമിട്ടാണ് പരിചരണം നടത്തിയത്. ജീവനക്കാരും ഒരേമനസ്സോടെ രംഗത്തിറങ്ങിയപ്പോൾ ഹരിത കാമ്പസിനായി തുടങ്ങിവെച്ച പദ്ധതികളെല്ലാം വിജയമായി. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറി വിളവെടുക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികൾ വിദ്യാർഥികളും ജീവനക്കാരും ലേലംചെയ്തെടുക്കുകയാണ് പതിവ്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക പി.ടി.എ. ഫണ്ടിലേക്ക് മുതൽക്കൂട്ടും. പുല്ലൂർ ഐ.ടി.ഐ.യിൽ നടന്ന പച്ചക്കറി വിളവെടുപ്പ് പ്രിൻസിപ്പൽ എം.വി.സുമേഷ് ഉദ്ഘാടനംചെയ്തു. പച്ചക്കറിക്കൃഷിയെക്കൂടാതെ ഇവിടെ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.