കാസര്‍കോട്: കസബ കടപ്പുറത്ത് ലൈറ്റ് ഹൗസ് ഭാഗം മുതല്‍ ചേരങ്കൈ ഭാഗം വരെ വര്‍ഷത്തിലൊരിക്കല്‍ തെളിയുന്ന കടല്‍ഭിത്തിയുണ്ട്. പതിനഞ്ചോളം വര്‍ഷങ്ങള്‍ക്കുമുൻപ്‌ പണിത കടല്‍ഭിത്തിയുടെ മണ്ണിനടിയിലെ അവശേഷിപ്പുകളാണ് ഓരോ മഴക്കാലത്തും കടലേറ്റത്തിൽ തെളിയുന്നത്. കടലേറ്റം രൂക്ഷമായ ഇവിടെ കടല്‍ഭിത്തിയില്ലാത്തത് വീടുകള്‍ക്ക് ഭീഷണിയാണ്.

കടല്‍ഭിത്തി തകര്‍ന്ന ലൈറ്റ് ഹൗസ് ഭാഗം മുതല്‍ ചെരങ്കൈ കടപ്പുറംവരെയുള്ള ഭാഗത്താണ് കടലേറ്റം രൂക്ഷം. ലൈറ്റ് ഹൗസിനോട് ചേര്‍ന്ന ഭാഗത്തുള്ള പാര്‍ക്കിന്റെ കൈവരികളും ഭിത്തികളും തകര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പലയിടത്തും കര കടലെടുത്തിട്ടുണ്ട്. തെങ്ങുകള്‍ കടപുഴകിയും അപകടാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്. രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഇവിടെ 150 കുടുബങ്ങളാണ് താമസിക്കുന്നത്.

കാലവര്‍ഷസമയത്ത് ഈ ഭാഗങ്ങളില്‍ കടൽ കയറൽ രൂക്ഷമാണെന്ന് പ്രദേശവാസിയും മത്സ്യത്തൊഴിലാളിയുമായ ഉപേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീടിന്റെ മുറ്റത്തുവരെ കടല്‍വെള്ളം കയറി. ടാങ്കും തകര്‍ന്നു. ഇത് തടയാനായി മണല്‍ ചാക്ക് നിറച്ച് ഭിത്തി കെട്ടിയരിക്കുകയാണ് -ഉപേന്ദ്രന്‍ പറഞ്ഞു.

കടല്‍ഭിത്തി വേണമെന്ന് നിരവധി തവണ പ്രദേശവാസികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിലൊതുങ്ങുകയാണ്. മണല്‍ മാറി തെളിയുന്ന കടല്‍ഭിത്തികള്‍ മഴക്കാലത്തിന് ശേഷം കടല്‍ തന്നെ മൂടാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍, ഇവിടെ കടല്‍ഭിത്തി ശാശ്വത പരിഹാരമല്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് കൗണ്‍സിലര്‍ കെ.ജി.മനോഹരന്‍ പറഞ്ഞു. ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.