
നീലേശ്വരം: ഇരുപത്തിരണ്ട് വർഷത്തിനുശേഷം പെരുങ്കളിയാട്ടം നടക്കുന്ന തട്ടാച്ചേരി വടയന്തൂർ കഴകത്തിൽ പുതിയപറമ്പൻ കാരണവർ ആചാരം കൈയേറ്റു. പ്രശ്നവശാൽ തെളിഞ്ഞ പുതിയപറമ്പൻ തറവാട്ടംഗം പി.പി.രവിയാണ് കാരണവർ ആചാരസ്ഥാനമേറ്റത്. നീലേശ്വരം രാജവംശത്തിലെ കെ.സി.രവിവർമരാജയിൽനിന്ന് ആചാരചിഹ്നമായ കച്ചും കഠാരയും സ്വീകരിച്ചാണ് രവി പുതിയപറമ്പൻ കാരണവരായി ആചാരസ്ഥാനമേറ്റത്.
ഫെബ്രുവരി അഞ്ചുമുതൽ 11 നരെ നടക്കുന്ന പെരുങ്കളിയാട്ടദിനങ്ങളിൽ ഊർപഴശ്ശി, വേട്ടയ്ക്കൊരുമകൻ, വൈരജാതൻ, മഡിയൻ ക്ഷേത്രപാലകൻ എന്നീ തെയ്യങ്ങളുടെ കൊടിയിലയും ആയുധങ്ങളും നൽകേണ്ടത് കച്ചും കഠാരയും ലഭിച്ച പുതിയപറമ്പൻ കാരണവരാണ്. പയ്യന്നൂർ സ്വദേശിയാണ് പുതിയപറമ്പൻ കാരണവരായി ആചാരസ്ഥാനമേറ്റ രവി.
തിരുമുടിക്കുള്ള കമുക് ഇന്ന് പാലായിൽനിന്ന് തിരുമുറ്റത്തെത്തിക്കും
പെരുങ്കളിയാട്ടത്തിൽ പ്രധാന ദേവതകളുടെ തിരുമുടി ഒരുക്കാനുള്ള കമുക് ഞായറാഴ്ച തിരുമുറ്റത്തെത്തിക്കും. ഈ കമുക് ഉപയോഗിച്ചാണ് ഫെബ്രുവരി 11-ന് കളിയാട്ട സമാപനദിവസം അരങ്ങിലെത്തുന്ന വടയന്തൂർ ഭഗവതി, പടക്കത്തി ഭഗവതി, ക്ഷേത്രപാലകൻ തെയ്യങ്ങളുടെ തിരുമുടി ഒരുക്കുക.
നീലേശ്വരം പാലായിൽനിന്നും കമുക് മുറിക്കും. അയ്യാകുന്നത്ത്, പാലാകൊഴുവൽ കാവുകളിലെ നെച്ചിക്ക കുറുവാട്ട് തറവാട്ടുകാർ നിർദേശിക്കുന്ന കമുക് കഴകം ജന്മാശാരി നാരായണൻ ആചാരി മുറിച്ചെടുക്കും. പാലാകൊഴുവൽ ക്ഷേത്രവാല്യക്കാർ ചുമലിലേറ്റി കഴകത്തിലെത്തിക്കും. ചടങ്ങിനുശേഷം അന്നദാനം നടത്തും.