പൊയിനാച്ചി : കാസർകോട് കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും വികസനത്തിനുമായി ജില്ലയിൽ ഡ്വാർഫ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫിനെ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കാമധേനു ആയോഗിന്റെ കീഴിലുള്ള നാഷണൽ കൗ സർക്യൂട്ട് പ്രോഗ്രാമിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കുമ്പള ബംബ്രാണ അമ്പിലടുക്കയെയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.

കാസർകോട് കളക്ടർ കേന്ദ്രസർക്കാരിന്റെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന് ഇതേപ്പറ്റി നേരിട്ട് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് വിശദമായും സാങ്കേതികമായും പരിശോധന നടത്താൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറെ സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തി.

വിശദ പദ്ധതിരേഖ ലഭ്യമായ ഉടനെ കേന്ദ്രസർക്കാരിന് ശുപാർശ സമർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 7.21 കോടിയാണ് പദ്ധതി അടങ്കൽത്തുക. ടൂറിസ്റ്റ് സാധ്യതകൾ പരിഗണിച്ച് പൊതുജനങ്ങൾക്ക് ഫാം സന്ദർശനത്തിന് അവസരം ഒരുക്കുന്നതും പശു അടിസ്ഥാനമാക്കിയുള്ള ഉത്‌പന്നങ്ങളുടെ വിപണനവും പദ്ധതിയിൽ ഉൾപ്പെടുന്നു.

കാസർകോട് കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനായി ഇതുവരെയുള്ള പ്രജനനനയത്തിൽ മാറ്റംവരുത്തി ഇത്തരം ജനുസ്സിൽപ്പെട്ട പശുക്കൾക്ക് അവയുടെ ഇനത്തിൽപ്പെട്ട കാളകളുടെതന്നെ ബീജമാത്രകൾ നൽകുന്നതിന് കേരള ലൈവ് സ്റ്റോക്‌ ഡെവലപ്പ്മെൻറ്്‌ ബോർഡുമായി സഹകരിച്ച് നടപടി തുടങ്ങിയിട്ടുണ്ട്. നാടൻപശുക്കൾക്ക് പാലുത്പാദനം കുറവായതിനാൽ നിലവിലുള്ള പ്രജനനനയത്തിൽ ക്രോസ് ബ്രീഡ് പശുക്കൾക്കാണ് പ്രാധാന്യം നൽകുന്നത്.

കാസർകോട് കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനും വംശം നിലനിർത്തുന്നതിനും ബദിയടുക്കയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഫാം പ്രവർത്തിക്കുന്നുണ്ട്. ഇൻഷുറൻസ് പദ്ധതിയിലും കാസർകോട് കുള്ളൻ ഇനത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.