രാജപുരം: നാടൊന്നാകെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോഴും വലിയ രാഷ്ട്രീയചർച്ചകളോ പ്രചാരണമോ ഒന്നും മലയോരത്തെ കർഷകരെ ബാധിച്ചിട്ടില്ല. എന്നത്തെയുംപോലെ കഴിയുന്നസമയംമുഴുവൻ കൃഷിയിടത്തിൽ അധ്വാനിക്കുകയാണ് ഇവിടത്തെ കർഷകർ. കത്തുന്ന സൂര്യന്റെ ചൂടുപോലും മറന്നുള്ള അധ്വാനം. അതിനിടെ സ്ഥാനാർഥികളുടെ പ്രചാരണവുമായി വീട് തേടിയെത്തുന്ന എല്ലാ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും നല്ല വർത്തമാനം പറയാനും സമയം കണ്ടെത്തുന്നുണ്ട്.

ഇതിനിടയിൽ കർഷകരുടെ പ്രശ്നങ്ങൾ, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, വേനൽച്ചൂടിൽ നശിക്കുന്ന കാർഷികവിളകൾ തുടങ്ങിയ പ്രശ്നങ്ങൾപോലും മനസ്സിലാക്കാനോ പരിഹരിക്കാനോ ആരും തയ്യാറാവുന്നില്ലെന്ന പരാതി ഓരോ കർഷകനുമുണ്ട്.

വിളകൾക്ക് വിലസ്ഥിരതയെങ്കിലും...

കടയിൽനിന്ന്‌ വാങ്ങുന്ന സാധനങ്ങൾക്കൊക്കെ വൻ വില. കൃഷിയിടത്തിൽ അധ്വാനിച്ചുണ്ടാക്കുന്ന കാർഷികവിളയുമായി കടയിലെത്തിയാൽ കടക്കാര് പറയുന്ന വിലയ്ക്ക് നൽകി മടങ്ങണം. പിന്നെങ്ങനെയാ കർഷകർ രക്ഷപ്പെടുക. മലയോരത്തെ കർഷകർ പിടിച്ചുനിന്നിരുന്നത് റബ്ബറിന്റെ വിലത്തണലിലായിരുന്നു. ഇതിന്റെ വിലയും കുത്തനെ ഇടിഞ്ഞതോടെ റബ്ബർക്കൃഷിയൊക്കെ പലരും നിർത്തി. ചൂട് കനത്തതോടെ തെങ്ങിെന്റയും കമുങ്ങിെന്റയും കാര്യം പോക്കാണ്. കുരുമുളകിന് വില കുത്തനെ കുറഞ്ഞതോടെ ഇപ്രാവശ്യം പറിച്ചെടുത്തതുപോലുമില്ല. കൂലികൊടുക്കാൻപോലും തികയില്ലെങ്കിൽപ്പിന്നെ പറിച്ചെടുത്തിട്ടെന്തുകാര്യം -രാജപുരം നൂഞ്ഞിയിലെ കർഷകൻ കൊച്ചുപറമ്പിൽ വർഗീസിന്റെതാണ് ഈ വാക്കുകൾ.

മറ്റെല്ലാവിഭാഗങ്ങളെയും സർക്കാർ വലിയതോതിൽ സഹായിക്കുമ്പോൾ കർഷകരെമാത്രം പരിഗണിക്കാൻ തയ്യാറാവാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല. സമരംനടത്താനോ പ്രതിഷേധിക്കാനോ പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ള കർഷകർക്ക് കഴിയുന്നുമില്ല.

കർഷകരുടെ ദുരിതം അധികാരികളെ അറിയിക്കാൻ സമരംനടത്താൻപോലും കർഷകരെ സഹായിക്കാനെന്നുംപറഞ്ഞ് നടക്കുന്ന ഇവിടത്തെ കർഷക സംഘടനകളെക്കൊണ്ട് സാധിക്കുന്നില്ല. വോട്ടിന്റെസമയത്ത് മാത്രമാണ് പലർക്കും കർഷകസ്നേഹം തുടങ്ങുക. ഏത്‌ സർക്കാർ വന്നാലും കർഷകരെ സഹായിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. എല്ലാ കാർഷികവിളകൾക്കും വിലസ്ഥിരതയുണ്ടാകണമെന്നും വർഗീസ് പറയുന്നു.

നട്ടെല്ലൊടിച്ചത് റബ്ബർ വിലയിടിവ്

മലയോരത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിച്ചത് പ്രധാനമായും റബ്ബറിന്റെ വിലത്തകർച്ചതന്നെയാണ്. ഒരുകാലത്ത് കിലോയ്ക്ക് 240 രൂപവരെ ഉണ്ടായിരുന്ന റബ്ബറിന്റെ വില നേർപകുതിയിലെത്തിയതോടെ മിക്ക കർഷകകുടുംബങ്ങളുടെയും ജീവിതം താളംതെറ്റി. ഏറെ ബാധിച്ചത് ഞങ്ങളെപ്പോലെയുള്ള ചെറുകിട കർഷകരെയാണെന്ന് രാജപുരത്തെ പടിഞ്ഞാറ്റ്മ്യാലീൽ കുഞ്ഞുമോൻ പറയുന്നു. റബ്ബർക്കൃഷിയിലെ വരുമാനംകൊണ്ടുമാത്രം നല്ലനിലയിൽ കഴിഞ്ഞിരുന്ന മിക്ക കുടുംബങ്ങളുടെയും ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഉത്പാദനച്ചെലവ് കൂടിയതും വിലക്കുറവും കാരണം പലരും ടാപ്പിങ്ങുതന്നെ നിർത്തി. ചുരുങ്ങിയത് 250 രൂപയെങ്കിലും ലഭിച്ചാൽമാത്രമെ റബ്ബർക്കൃഷികൊണ്ട് ഇനി പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. നിലവിൽ കിലോയ്ക്ക് 150 രൂപ നിശ്ചിയിച്ച് സർക്കാർ സബ്‌സിഡി നൽകിവരുന്നുണ്ട്. എന്നാൽ, ഇതും ഒരുവർഷമായി ലഭിച്ചിട്ടില്ല. ചുരുങ്ങിയത് 200 രൂപയെങ്കിലും തറവില നിശ്ചയിച്ച് സർക്കാർ റബ്ബർ ശേഖരിച്ചാൽ പ്രശ്നത്തിന് അൽപ്പമെങ്കിലും പരിഹാരമാകും -അദ്ദേഹം പറയുന്നു.

ന്യായമായ നഷ്ടപരിഹാരവും ലഭിക്കാറില്ല

കനത്ത വേനലിൽ കമുകുകളിൽ വിരിയുന്ന പൂവും മൂപ്പെത്താത്ത അടയ്ക്കയും പൊഴിഞ്ഞുതീരാറായി. പുതിയതരം മണ്ഡരിയും വെള്ളീച്ചയും അജ്ഞാതരോഗവും ബാധിച്ച് തെങ്ങുകൾ കൂട്ടത്തോടെ ഉണങ്ങാനും കൂമ്പുചീയാനും തുടങ്ങിയതോടെ തേങ്ങയുടെ കാര്യവും തീർന്നു. മറ്റേതൊരു തൊഴിലിനെക്കാളും ഇഷ്ടംതോന്നിയതുകൊണ്ടാണ് കൃഷിയിലേക്കിറങ്ങിയത്. എന്നാൽ, വിലയിടിവും വിളകൾക്കുണ്ടാകുന്ന രോഗവും കാരണം ഈരംഗത്ത് പിടിച്ചുനിൽക്കൽ ദുഷ്കരമാവുകയാണ്. കൃഷിയോടുള്ള താത്പര്യം നിറഞ്ഞുനിൽക്കുമ്പോഴും തന്നെപ്പോലുള്ള കർഷകരെങ്ങനെ മുന്നോട്ടുപോകുമെന്ന ആധിയാണ് ബളാൽ അരിങ്കൽതട്ടിലെ പി.കെ.സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത്.

പ്രകൃതിക്ഷോഭത്തിലും കീടബാധയിലും രോഗംപിടിപെട്ടും കൃഷി നശിക്കുന്ന കർഷകർക്ക് സർക്കാർതലത്തിൽ ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. ഇത് വേഗത്തിൽ ലഭ്യമാക്കുകയുംവേണം. എന്നാൽ, വലിയതോതിൽ കൃഷിനാശം സംഭവിച്ചാലും ഇപ്പോൾ ലഭിക്കുന്നത് നാമമാത്ര സഹായം മാത്രമാണ്. വിള ഇൻഷുറൻസ് പദ്ധതിയുണ്ടെങ്കിലും ഭൂരിഭാഗം കർഷകർക്കും ഇതിനെക്കുറിച്ച് വലിയ അറിവില്ല. സർക്കാരിന്റെ കാർഷിക സഹായങ്ങളും വിള ഇൻഷുറൻസ് പോലുള്ള പദ്ധതികളും മറ്റും കർഷകരിലേക്ക് കൃത്യമായി എത്തിച്ചാൽ വലിയ സഹായമായിരിക്കും. ഇതുതന്നെയാണ് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കർഷകനായ ചെനിയൻ നായ്ക്കിനും പറയാനുള്ളത്.

Content Highlights; farmers, lok sabha election