കണ്ണൂർ/കാസർകോട് : സർക്കാർ ഓഫീസുകളും പൂർണതോതിൽ പ്രവർത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര തീവണ്ടി സർവീസിന് ഉറ്റുനോക്കുകയാണ് സ്ഥിരം യാത്രികർ. സാനിറ്റൈസറും സാമൂഹിക അകലവും കാറ്റിൽപ്പറത്തി ബസ്സിൽ തിങ്ങിനിറഞ്ഞാണ് ഇപ്പോൾ പോക്ക്. ഇങ്ങനെ യാത്രചെയ്താൽ ഓരോ ബസ്സും സമൂഹവ്യാപന വാഹനമാകും. ഇതിനൊരു പ്രതിവിധി ഹ്രസ്വദൂരതീവണ്ടിയാത്രയാണ്.
തമിഴ്‌നാട്ടിൽ ചെയ്തതുപോലെ സംസ്ഥാനയാത്രയെ ഏതാനും മേഖലകളാക്കി തിരിക്കണം. ഒരു മേഖലയ്ക്കുള്ളിൽ ഒതുങ്ങുന്ന വിധത്തിൽ രാവിലെയും വൈകീട്ടും ഹ്രസ്വദൂരതീവണ്ടി സർവീസുകൾ ഓടിച്ചാൽ ജോലിക്കാർക്കുൾപ്പെടെ ഉപകാരപ്പെടും. കോഴിക്കോട്-കണ്ണൂർ റൂട്ടിന് 89 കിലോമീറ്ററാണുള്ളത്. കാസർകോട്-കണ്ണൂർ 96 കിലോമീറ്ററും. ഇവയ്ക്കിടയിൽ നിശ്ചിത എണ്ണം തീവണ്ടി ഓടിയാൽ യാത്രക്കാർക്ക് വലിയ ഉപകാരമാകും.
നിലവിലെ പശ്ചാത്തലത്തിൽ മംഗളൂരുവിലേക്ക് വണ്ടി ഓടിക്കാൻ കഴിയില്ല. അത് മഞ്ചേശ്വരം വരെയോ കുമ്പള വരെയോ പരിമിതപ്പെടുത്താം; ചുരുങ്ങിയത്, കാസർകോട് വരെയെങ്കിലും. റെയിൽവേക്ക് നഷ്ടമായ ഹ്രസ്വദൂരയാത്രക്കാരെ തിരിച്ചുപിടിക്കാൻ മാത്രമല്ല ഇത്. അല്പമെങ്കിലും സാമൂഹിക അകലം പാലിച്ചുള്ള ഒരു യാത്രയും സുരക്ഷിതത്വവും ലോക്ക് ഡൗണിൽ ഒരുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടിതിന്.
ഒരു ചെറുതീവണ്ടിസഹായം
വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിപ്പോയവരും ഇതരസംസ്ഥാനങ്ങളിൽ കഴിയുന്നവരുമായി കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് ലഭ്യമായ സൂചനകൾ. പ്രത്യേക തീവണ്ടികൾ കാലിയാകുന്നത് ഇതിന്റെ ലക്ഷണമാണ്. പെട്ടെന്നുള്ള അടച്ചുപൂട്ടലിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയവർ മഹാഭൂരിപക്ഷവും ഏതാണ്ട് മടങ്ങിക്കഴിഞ്ഞതായാണ് കരുതുന്നത്. പ്രത്യേക തീവണ്ടികളിലെ താഴ്ന്ന റിസർവേഷൻ നില സൂചിപ്പിക്കുന്നത് അതാണ്.
കേരളത്തിലേക്കുള്ള രാജധാനി, മംഗള, നേത്രാവതി, തുരന്തോ എന്നീ പ്രത്യേക തീവണ്ടികളിൽ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. വരുംദിവസങ്ങളിലും ഈ വണ്ടികളിൽ മിക്ക സീറ്റുകളും കാലിയാണെന്ന് റിസർവേഷൻ ചാർട്ടുകൾ പറയുന്നു. ദീർഘദൂരവണ്ടികളെ പേടിയാണ് യാത്രക്കാർക്ക്. കഴിഞ്ഞ ദിവസം മുംബൈയിൽനിന്നുള്ള നേത്രാവതിയിൽ കണ്ണൂരിറങ്ങിയത് 31പേരാണ്. മംഗളയിൽ 72 പേരും. ഇക്കണക്കിനുപോയാൽ രണ്ടാഴ്ച കഴിഞ്ഞാൽ യാത്രയ്ക്ക് ആളുണ്ടാകില്ല. കേരളത്തിനകത്തോടുന്ന രണ്ട് ജനശതാബ്ദികളും വേണാടും ആദ്യദിവസം മുതൽ കാലിയായാണ് ഓടുന്നത്.
ഇതിനിടയിലൂടെയാണ് മുഴുവൻ സർക്കാർ ജീവനക്കാരും മറ്റു നിത്യയാത്രക്കാരും ഇപ്പോൾ ബസ്സിൽ ദിവസവും 100 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്നത്. തിങ്ങിയ ബസ്സിൽ കയറാൻ ആളുകൾ തിക്കിത്തിരക്കുമ്പോൾ ആർക്കാണ് നിയന്ത്രിക്കാനാകുക. പത്ത് ബസ് അധികമിട്ടാലും ഈ സ്ഥിരം യാത്രക്കാരെ സാമൂഹിക അകലം വരുത്തി ലക്ഷ്യസ്ഥാനത്തേക്കെത്തിക്കാനാകില്ല. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച് തീവണ്ടി സ്റ്റോപ്പുകൾ റെയിൽവേക്കും സർക്കാരിനും തീരുമാനിക്കാം. പല വണ്ടികൾ പല സമയം ഓടിക്കാതെ അവശ്യ(പീക്ക് ടൈം)സമയങ്ങളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും മുൻഗണന നൽകാം. ടിക്കറ്റ് നിരക്കും ടിക്കറ്റെടുക്കലും ക്യൂ നിൽക്കലും ഓൺലൈൻ ടിക്കറ്റ് വഴി മറികടക്കാം. പ്രധാന സ്റ്റേഷനുകളിൽ സാധാരണ കൗണ്ടറുകൾ തുറന്നാൽ ഓൺലൈൻ അറിവ് കുറഞ്ഞവർക്കും പ്രയോജനമാകും. ഈ ആവശ്യത്തിന് ശക്തി വേണമെങ്കിൽ സർക്കാരിനൊപ്പം എം.പി.മാരും രാഷ്ട്രീയപാർട്ടികളും മുൻകൈ എടുക്കണം. ചെറിയ സെക്ഷനായി വിഭജിച്ചുള്ള ഹ്രസ്വദൂരയാത്രയുടെ ആവശ്യമുന്നയിക്കാൻ ഒറ്റക്കെട്ടായി തയ്യാറാകണം. വണ്ടികൾ നീട്ടണമെന്നും സ്‌റ്റോപ്പ് വേണമെന്നും പറയുംപോലെയുള്ള ആവശ്യമല്ല ഇത്. സംസ്ഥാനത്തിനുള്ളിലെ ജനയാത്രയ്ക്കു വേണ്ടിയുള്ള സുപ്രധാനമായ ആരോഗ്യനീക്കമാണ്.
ഉത്തരമലബാറിൽ വേണം ചെറുദൂരതീവണ്ടി
സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയതോടെ കണ്ണൂർ-കാസർകോട് അന്തർജില്ലാ യാത്രക്കാരുടെ എണ്ണം കുത്തനെ കൂടി. പക്ഷേ, ബസ് സർവീസ് തുലോം കമ്മി. നിന്ന് യാത്ര ബസ്സിൽ അനുവദിക്കില്ല. സ്വകാര്യ ബസ് ഓടുന്നുമില്ല. കണ്ണൂർ- കാസർകോട് കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്ര ചെയ്താലറിയാം, കണ്ടക്ടർമാരുടെ പ്രധാന ജോലി ടിക്കറ്റ് കൊടുക്കൽ മാത്രമല്ല, “മതി, ഇനി കേറല്ലേ, സീറ്റില്ല” എന്ന് വിളിച്ചുപറയൽകൂടിയാണ്. ഓരോ സ്‌റ്റോപ്പിലും ഇത് ആവർത്തിക്കേണ്ടിവരുന്നു. കുടുംബത്തോടൊപ്പം പോകുന്നവരിൽ പാതിപേർ കയറിക്കഴിയുമ്പോഴായിരിക്കും സീറ്റ് നിറയുക. ബാക്കി പാതിപ്പേർക്ക് കയറാനാകില്ല. ആദ്യം കയറിയ പാതിയും തിരിച്ചിറങ്ങുന്നു. അവർ അടുത്ത ബസ്സിന് കാത്തുനിൽക്കുന്നു. അതുവരുമ്പോഴും ഇതുതന്നെ ഗതി.
ഹ്രസ്വദൂര തീവണ്ടിസർവീസാണ് ഇതിനൊരു പരിഹാരം. ഭൂരിഭാഗം തീവണ്ടികളും ഓടിത്തുടങ്ങിയിട്ടില്ലെന്നിരിക്കെ ബോഗിയില്ല, എൻജിനില്ല, പ്ലാറ്റ്ഫോമില്ല തുടങ്ങിയ പതിവുപല്ലവി റെയിൽവേ ആവർത്തിക്കാനിടയില്ല. കോവിഡ് വ്യാപനം ഓഗസ്റ്റ് വരെയെങ്കിലും തുടരുമെന്ന് നിരവധി പഠനങ്ങൾ വന്നിരിക്കെ അത്രയും കാലം ബസ്സുകളെ മാത്രം ആശ്രയിച്ച് ഉത്തരമലബാറുകാർക്ക് യാത്ര കഴിയില്ല. അത് ഒട്ടും സുരക്ഷിതവുമല്ല. തീവണ്ടികളിൽ സാമൂഹിക അകലം പാലിക്കൽ ബസ്സുകളെക്കാൾ എളുപ്പമാണ്. നിലവിൽ അതിന് സംവിധാനവുമുണ്ട്.
മംഗളൂരുവിൽ പോകാൻ കഴിയാത്തതിനാൽ കാസർകോട് ഭാഗത്ത് വണ്ടി എവിടെ നിർത്തിയിടും എന്ന പ്രശ്‌നം വരും. അതുപക്ഷേ എളുപ്പം പരിഹരിക്കാം. കുമ്പളയിൽ ആവശ്യത്തിലേറെ സൗകര്യമുണ്ട്. ജനപ്രതിനിധികളും യാത്രക്കാരും നാട്ടുകാരും ഒത്തുപിടിച്ചാൽ നിശ്ചിതസമയം ഇടവിട്ട് ഈ റൂട്ടിൽ തീവണ്ടി സർവീസ് നടത്താനാകും. യാത്ര താരതമ്യേന സുഖകരവുമാകും.