കാസർകോട്: ജില്ലയിൽ വ്യാപകതോതിൽ മണലും മണ്ണും കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടിടങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. പെരിയയിലെ പുല്ലാനിക്കുഴിയിലും നീലേശ്വരത്തെ പേരോലിലും കാസർകോട് വിജിലൻസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പെരിയ പുല്ലാനിക്കുഴിക്ക് സമീപം നടത്തിയ പരിശോധനയിൽ മണൽ കടത്താനുപയോഗിക്കുന്ന രണ്ട് ടിപ്പറും ഒരു ജെ.സി.ബി.യും പിടികൂടി. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു പരിശോധന. പിടിച്ചെടുത്ത ടിപ്പറും ജെ.സി.ബി.യും തുടർനടപടികൾക്കായി വില്ലേജ് ഓഫീസർക്ക് കൈമാറി. വിജിലൻസ് ഇൻസ്പെക്ടർ വി.ഉണ്ണിക്കൃഷ്ണൻ, തഹസിൽദാർ സൂര്യനാരായണൻ, സന്തോഷ്‌കുമാർ, പ്രദീപ്, ജയൻ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വംനൽകിയത്.
നീലേശ്വരം പേരോലിൽ നടത്തിയ പരിശോധനയിൽ രണ്ടര ഏക്കറോളം കുന്നിടിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തി. സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷം സ്ഥല ഉടമകൾക്ക് നോട്ടീസയക്കും. വിശദമായ അന്വേഷണത്തിനുശേഷം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ വ്യാപകമായി മണലും മണ്ണും കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വരുംദിവസങ്ങളിലും പരിശോധന കർശമായി തുടരുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.