
ചെർക്കള: കോൺഗ്രസിനെ പിണക്കി നറുക്കെടുപ്പിലൂടെ ചെങ്കള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി കടവത്ത് രാജിവെക്കും. യു.ഡി.എഫിലെ പൊട്ടിത്തെറി ഒഴിവാക്കാനാണിത്. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതനേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് രാജിക്ക് ധാരണയായത്.
രാജിവെച്ചാൽമാത്രമേ ചർച്ച നടത്തേണ്ടതുള്ളൂവെന്ന കടുത്ത തീരുമാനമാണ് തിങ്കളാഴ്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി കൈക്കൊണ്ടത്. ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ്. കാസർകോട് നിയോജകമണ്ഡലം കമ്മിറ്റിയോഗത്തിലും ഡി.സി.സി. നേതൃയോഗത്തിലും പ്രശ്നം കൂടുതൽ ചർച്ചയ്ക്കും വിവാദത്തിനും വഴിവെക്കുമെന്ന കണക്കുകൂട്ടലും തീരുമാനത്തിനു പിന്നിലുണ്ട്.
ഒന്പതംഗ ഭരണസമിതിയുണ്ടായിരുന്ന ഇവിടെ കോൺഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് നാലും അംഗങ്ങളായിരുന്നു. കോൺഗ്രസിലെ ബാലകൃഷ്ണ വോർക്കുഡ്ലു ആയിരുന്നു പ്രസിഡന്റ്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഭരണസമതി അംഗങ്ങളുടെ എണ്ണം എട്ടായി. കോൺഗ്രസിനും മുസ്ലിം ലീഗിനും നാലുവീതം അംഗങ്ങളായി. പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് മുഹമ്മദ് കുഞ്ഞിയെ മത്സരിപ്പിച്ചു. കോൺഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാർഥികൾക്ക് നാലുവീതം വോട്ടുകിട്ടുകയും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം ലീഗിന് കിട്ടുകയുമായിരുന്നു. അതാണിപ്പോൾ രാജിവെക്കാൻ പോകുന്നത്.
ഓഗസ്റ്റ് എട്ടിന് ചെങ്കള പഞ്ചായത്തിൽപ്പെടുന്ന മുട്ടത്തോടി സഹകരണബാങ്കിൽ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. മുട്ടത്തോടി ബാങ്കിൽ നിലവിലുള്ള 11 അംഗ ഭരണസമിതിയിൽ മുസ്ലിം ലീഗിന് ആറും കോൺഗ്രസിന് അഞ്ചും അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിലെ ഇ.അബൂബക്കർ ഹാജി പ്രസിഡന്റും കോൺഗ്രസിലെ അച്ചേരി ബാലകൃഷ്ണൻ വൈസ് പ്രസിഡന്റുമായുള്ളതാണ് ഭരണസമിതി. ചെങ്കള ബാങ്കിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇവിടെയും ധാരണ പ്രയാസമാകും. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ആസന്നമായതാണ് മറ്റൊരു കാരണം. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണിത്. കോൺഗ്രസിന്റെ സഹകരണം ഉറപ്പാക്കിയില്ലെങ്കിൽ തലവേദനയാകുമെന്ന് ലീഗ് കരുതുന്നു.
ജില്ലാ പഞ്ചായത്തിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും തുല്യ അംഗങ്ങളായിട്ടും രണ്ടരവർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ലഭിക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് നേതാക്കൾക്കിടയിൽ പോലും അഭിപ്രായമുണ്ട്.
മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് മുഹമ്മദ് കുഞ്ഞി കടവത്ത് വ്യക്തമാക്കി. കോഴിക്കോട്ട് നടക്കുന്ന ഹജ്ജ് ക്യാമ്പിൽ വൊളന്റിയറായി സേവനംചെയ്യുന്ന മുഹമ്മദ് കുഞ്ഞി കടവത്ത് 20-ന് ചെർക്കളയിൽ തിരിച്ചെത്തും. ഇതിനുശേഷമാകും രാജി സമർപ്പിക്കുകയെന്നറിയുന്നു.
1992-ൽ കോൺഗ്രസ് നേതാവായിരുന്ന കെ.കറുത്തമ്പു വൈദ്യർ ചീഫ് പ്രമോട്ടറായാണ് ചെങ്കള സഹകരണ ബാങ്ക് രൂപവത്കരിച്ചത്. തുടക്കത്തിൽ മുസ്ലിം ലീഗിന് ഭരണസമിതിയിൽ അംഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് രണ്ടും തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മൂന്നും അംഗങ്ങളെ നൽകി. ആറുവർഷം മുമ്പുവരെ ഭരണസമിതിയിൽ സി.പി.എമ്മിന്റെ ഒരംഗവുമുണ്ടായിരുന്നു. പിന്നീട് സി.പി.എമ്മിനെ ഭരണസമിതിയിൽനിന്നൊഴിവാക്കി അതും മുസ്ലിം ലീഗിന് നൽകുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ നാല് കോൺഗ്രസ് അംഗങ്ങൾ രാജിക്കത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറും.
മുസ്ലിം ലീഗ് മുന്നണിമര്യാദ പാലിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ്. ചെങ്കള പഞ്ചായത്ത് കമ്മിറ്റി കൺവീനറായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പുരുഷോത്തമൻ നായരും സ്ഥാനം രാജിവെച്ചിട്ടുണ്ട്.