കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി കടന്നെത്തുന്ന പ്രശ്നങ്ങളെല്ലാം സംയുക്തമായി കൈകാര്യം ചെയ്യാൻ അന്തർസംസ്ഥാന അവലോകന യോഗം തിരുമാനിച്ചു. അതിർത്തി കടന്ന് അക്രമം നടത്താൻ എത്തുന്നവരെയും മദ്യക്കടത്തുകാരെയും സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി സംഘർഷത്തിന് കോപ്പുകൂട്ടുന്നവരെയും സംയുക്തമായി കൈകാര്യം ചെയ്യുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു.

അതിർത്തികളിലെ അനധികൃത മദ്യകേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തും. അന്തർസംസ്ഥാന പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിലെടുത്ത് കൈമാറാനും യോഗത്തിൽ ധാരണയായി. തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി കളക്ടർ ഡോ. ഡി.സജിത്ത്ബാബു വിളിച്ച അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിലെ കളക്ടർമാരുടെയും പോലീസ് മേധാവികളുടെയും ആദായനികുതി, എക്സൈസ് മേധാവികളുടെയും യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കാനിടയുള്ള വിവിധ വിഷയങ്ങൾ അവലോകനം ചെയ്തു.

ദക്ഷിണ കനറ ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത്, കുടക് ഡെപ്യൂട്ടി കമ്മിഷണർ ആനീസ് ജോയ്, തലശ്ശേരി സബ് കളക്ടർ ആബിൽ, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, കുടക് ജില്ലാ പോലീസ് മേധാവി സുമൻ, എ.എസ്.പി. ഡി.ശിൽപ്പ, അഡീ. ഡിവൈ.എസ്.പി. പി.ബി.പ്രശോഭ്, കാസർകോട് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ വി.പി.അബ്ദുൾറഹ്‌മാൻ, കണ്ണൂർ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എ.കെ.രമേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.